ഫുട്ബോൾ പ്രേമികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ അത്ര പുതുമയുള്ള കാര്യമല്ല. യൂറോപ്യൻ ഫുട്ബോളിനെ സ്നേഹിക്കുന്നവരാണെങ്കിൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഒക്കെ കാണാനായി പുലർച്ചെ നാലു മണി വരെ ഒക്കെ ഉറങ്ങാതിരിക്കുന്നത് ഒരു സാധാരണ കാര്യം മാത്രമാണ്. എന്നാൽ ഈ ആഴ്ച മുതൽ നാലു മണിക്ക് ഉറങ്ങാനും ഒരു ശരാശരി ഫുട്ബോൾ പ്രേമിക്ക് പറ്റില്ല. രാത്രി ഉറങ്ങുന്നത് മാറ്റി ഉറക്കം പകലിലേക്ക് മാറ്റിവെക്കേണ്ട അവസ്ഥയിലാണ് ഫുട്ബോൾ പ്രേമികൾ.
യൂറോ കപ്പും കോപ അമേരിക്കയും ഒരുമിച്ച് നടക്കുന്നതാണ് ഫുട്ബോൾ പ്രേമികളെ ഇത്തരമൊരു സാഹചര്യത്തിൽ എത്തിച്ചത്. ഇന്ന് ആണ് യൂറോ കപ്പ് ആരംഭിക്കുന്നത്. മിക്ക ദിവസങ്ങളിലും യൂറോ കപ്പിൽ മൂന്ന് മത്സരങ്ങൾ ആണ് ഉള്ളത്. വൈകിട്ട് 6.30, രാത്രി 9.30, പാതിരാത്രി 12.30 എന്നിങ്ങനെയാണ് യൂറോ കപ്പ് മത്സരങ്ങളുടെ കിക്കോഫ്. ഫൈനലും ഗ്രൂപ്പ് ഘട്ടങ്ങളെ വൻ ഫിക്സ്ചറും ഒക്കെ 12.30നാണ് നടക്കുക.
12.30ന്റെ യൂറോ കപ്പ് മത്സരവും കണ്ട് ഉറങ്ങാം എന്ന് ആരും കരുതണ്ട. അങ്ങ് ലാറ്റിനമേരിക്കയിൽ കോപ അമേരിക്ക അരംഭിക്കുന്നത് തന്നെ നമ്മുടെ നാട്ടിലെ പുലർച്ചെ 2.30നാണ്. കോപയിൽ ദിവസവും രണ്ട് മത്സരങ്ങൾ ആണ് നടക്കുന്നത്. പുലർച്ചെ 2.30നും 5.30നും ആണ് മിക്ക മത്സരങ്ങളും ചില മത്സരങ്ങൾ 3.30നും 4.30നും ചിലത് 6.30നും വരെ ആരംഭിക്കുന്നുണ്ട്. യൂറോ കപ്പും കോപയും കണ്ട് കഴിയുമ്പോഴേക്ക് പല വീട്ടിലും രാവിലത്തെ ചായ സമയം ആകും എന്നു ചുരുക്കും. അതും കുടിച്ച് കിടന്നുറങ്ങുന്നതാകും ഒരു ശരാശരി ഫുട്ബോൾ പ്രേമിയുടെ അടുത്ത ഒരു മാസം.