ധാക്ക പ്രീമിയര്‍ ലീഗിൽ ഷാക്കിബ് ഷോ ഓഫ്, ഒടുവിൽ മാപ്പ് പറഞ്ഞ് താരം

തന്റെ ധാക്ക പ്രീമിയര്‍ ലീഗിലെ പെരുമാറ്റത്തിന് മാപ്പ് പറഞ്ഞ് ഷാക്കിബ് അല്‍ ഹസന്‍. മത്സരത്തിൽ രണ്ട് പ്രാവശ്യമാണ് താരം അമ്പയറുടെ തീരുമാനത്തിൽ പ്രകോപനകരമായ രീതിയിൽ പ്രകടിപ്പിച്ചത്. എതിര്‍ ടീം കോച്ചും നിലവിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറുമായ ഖാലിദ് മഹമ്മൂദിനെതിരെയും താരം കയര്‍ക്കുകയായിരുന്നു.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് താരം മാപ്പപേക്ഷയുമായി എത്തിയത്. തന്നെ പോലെ പരിചയസമ്പത്തുള്ള താരം ഇത്തരത്തിൽ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും താരം കട്ടിചേര്‍ത്തു.

മുഷ്ഫിക്കുറിനെ ഷാക്കിബ് വിക്കറ്റിന് മുന്നിൽ കുടുക്കിയതിനുള്ള അപ്പീൽ അമ്പയര്‍ നിരസിച്ചപ്പോളാണ് ഷാക്കിബ് ആദ്യം സ്റ്റംപ് ചവിട്ടി തെറിപ്പിച്ചത്. പിന്നീട് മത്സരത്തിന്റെ ആറാം ഓവറിന്റെ അവസാന പന്ത് എറിയാനിരിക്കെ മഴ കാരണം അമ്പയര്‍ കളി നിര്‍ത്തിയതും താരത്തിനെ സ്റ്റംപ് പിഴുത് തറയിലെറിയുവാന്‍ പ്രേരിപ്പിച്ചു. ഒരു പന്ത് കൂടി എറിഞ്ഞിരുന്നുവെങ്കിൽ മഴ നിയമം പ്രാബല്യത്തിൽ വരികയും മത്സരം വിജയിക്കുവാന്‍ ഷാക്കിബ് നയിക്കുന്ന മുഹമ്മദന് സ്പോര്‍ട്ടിംഗ് ക്ലബിന് സാധിക്കുകയും ചെയ്തേനെ.