ലോകകപ്പ് ഫിക്സച്ചറുകള്‍ തയ്യാര്‍, ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ 16നു

- Advertisement -

ഐസിസി 2019 ക്രിക്കറ്റ് ലോകകപ്പിന്റെ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ടു. മേയ് 30നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഓവലിലാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ജൂണ്‍ 1നു തങ്ങളുടെ കിരീടം നിലനിര്‍ത്തുവാനുള്ള പ്രയാണം ആരംഭിക്കും. ബ്രിസ്റ്റോളില്‍ നടക്കുന്ന ഡേ നൈറ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഓസ്ട്രേലിയയുടെ എതിരാളികള്‍.

ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം ജൂണ്‍ 5നു ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് കളിക്കുക. സൗത്താംപ്ടണിലെ ഹാംഷയറിലാണ് മത്സരം. ജൂണ്‍ 16നു ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ നേരിടും. മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം നടക്കുക.

സെമി ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ 9, 11 തീയ്യതികളില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലും എഡ്ജ്ബാസ്റ്റണിലുമായി നടക്കും. ഫൈനല്‍ ലോര്‍ഡ്സില്‍ ജൂലൈ 14നു നടക്കും. ലോര്‍ഡ്സില്‍ ഇത് അഞ്ചാം തവണയാണ് ലോകകപ്പ് ഫൈനല്‍ നടക്കുന്നത്. സെമി മുതലുള്ള മത്സരങ്ങള്‍ക്ക് റിസര്‍വ് ദിവസങ്ങളും കരുതലായി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement