വനിതാ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഫൈനൽ ആണ്. ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തിൽ നടക്കുന്ന യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്‌സലോണ ലിയോണിനെ നേരിടും. വനിതാ ക്ലബ് ഗെയിമിലെ എക്കാലത്തെയും വലിയ മത്സരമായാണ് ഇന്നത്തെ മത്സരത്തെ കണക്കാക്കുന്നത്. ബാഴ്സലോണ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാണ്. ഏഴ് തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളാണ് ലിയോൺ.
വനിതാ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ടീമായാണ് ലിയോൺ അറിയപ്പെടുന്നത്. ഇപ്പോഴത്തെ ബാഴ്സലോണ ടീം ലിയോണിന്റെ മികച്ച ടീമുകളെക്കാൾ വലിയ ടീമാണെന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ മത്സരം നടക്കുന്നത്. 2019ൽ ഇരു ടീമുകളും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് 4-1ന് ലിയോൺ വിജയിക്കുകയും കിരീടം ഉയർത്തുകയും ചെയ്തിരുന്നു.
ഈ സീസണിൽ കളിച്ച ഒരു മത്സരം ഒഴികെ ബാക്കിയെല്ലാം ബാഴ്സലോണ വിജയിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ വോൾവ്സ്ബർഗിന് എതിരെയുള്ള മത്സരം മാത്രമാണ് ബാഴ്സലോണ വിജയിക്കാതെ പോയത്.
ഇന്ന് രാത്രി 10.30ന് നടക്കുന്ന മത്സരം യൂടൂബിൽ DAZN ചാനലിൽ തത്സമയം കാണാം.