കോഹ്‍ലിയ്ക്കും രോഹിത്തിനും അര്‍ദ്ധ ശതകം, പതിവ് തെറ്റിക്കാതെ സൂര്യകുമാര്‍ യാദവ്, 25 പന്തിൽ അര്‍ദ്ധ ശതകം

നെതര്‍ലാണ്ട്സിനെതിരെ സൂപ്പര്‍ 12 ഗ്രൂപ്പ് 2 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 179 റൺസ് നേടി ഇന്ത്യ. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഇന്ത്യ നേടിയത്. സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ഇന്ത്യയെ 179/2 എന്ന സ്കോറിലെത്തിച്ചത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് കെഎൽ രാഹുലിനെ തുടക്കത്തിലെ നഷ്ടമായ ശേഷം 73 റൺസ് കൂട്ടുകെട്ടുമായി രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയുമാണ് മുന്നോട്ട് നയിച്ചത്.

രോഹിത് 39 പന്തിൽ 53 റൺസ് നേടി പുറത്തായപ്പോള്‍ താരം 4 ഫോറും 3 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. പിന്നീട് വിരാട് കോഹ്‍ലിയും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് അതിവേഗ സ്കോറിംഗുമായി ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

48 പന്തിൽ നിന്ന് വിരാട് കോഹ്‍ലി – സൂര്യുകമാര്‍ യാദവ് കൂട്ടുകെട്ട് 95 റൺസ് നേടിയപ്പോള്‍ ഇതിൽ സ്കൈ 25 പന്തിൽ 51 റൺസ് നേടിയപ്പോള്‍ കോഹ്‍ലി 44 പന്തിൽ 62 റൺസുമായി പുറത്താകാതെ നിന്നു.