ഖത്തർ ലോകകപ്പിനുള്ള ഗ്രൂപ്പുകൾ ഇന്നറിയാം. ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30 നു ദോഹയിൽ ആണ് ഗ്രൂപ്പുകൾ തിരഞ്ഞെടുക്കുക. നിലവിൽ ആതിഥേയരായ ഖത്തർ അടക്കം 29 ടീമുകൾ ആണ് ലോകകപ്പ് കളിക്കാൻ യോഗ്യത നേടിയത്. ഇവർക്ക് ഒപ്പം സ്‌കോട്ട്ലാന്റ്, ഉക്രൈൻ, വെയിൽസ്, ന്യൂസിലാന്റ്, കോസ്റ്ററിക്ക, ഓസ്‌ട്രേലിയ, യു.എ.ഇ, പെറു ടീമുകളിൽ മൂന്നു പേർ ലോകകപ്പ് കളിക്കാൻ യോഗ്യത നേടും. യൂറോപ്പിൽ സ്‌കോട്ട്ലാന്റ്, ഉക്രൈൻ മത്സര വിജയി പ്ലെ ഓഫ് ഫൈനലിൽ വെയിൽസിനെ ആണ് നേരിടുക. നിലവിൽ ഉക്രൈൻ യുദ്ധം ആണ് ഈ മത്സരം നീളാൻ കാരണം. ഈ മത്സരങ്ങൾ എന്നു നടക്കും എന്നു ഇത് വരെ വ്യക്തമല്ല. അതേസമയം ഇന്റർ കോൺ ഫെഡറേഷൻ പ്ലെ ഓഫിൽ ഓഷ്യാന ജേതാക്കൾ ആയ ന്യൂസിലാന്റ് CONCACAF ൽ നാലാമത് എത്തിയ കോസ്റ്റ റിക്കയെ ആണ് നേരിടുക. ഈ മത്സരം ജൂണിൽ ആവും നടക്കുക.
അതേസമയം ലാറ്റിൻ അമേരിക്കൻ യോഗ്യതയിൽ അഞ്ചാമത് എത്തിയ പെറു ഇന്റർ കോൺ ഫെഡറേഷൻ പ്ലെ ഓഫിൽ ഏഷ്യൻ പ്ലെ ഓഫ് കളിച്ചു വരുന്ന ഓസ്‌ട്രേലിയ അല്ലെങ്കിൽ യു.എ.ഇ ടീമുകളിൽ ഒന്നിനെ ആണ് ലോകകപ്പ് യോഗ്യത നേടാൻ നേരിടുക. ഈ രാജ്യങ്ങളും ഉൾപ്പെട്ടു ആയിരിക്കും നിലവിൽ ഗ്രൂപ്പുകൾ തിരിക്കപ്പെടുക. ഫിഫ റാങ്കിങ് അനുസരിച്ച് നാലു പോട്ടുകൾ ആയി ടീമുകളെ തിരിച്ചിട്ടുണ്ട്, ഇത് അനുസരിച്ച് ആവും ഗ്രൂപ്പുകൾ തിരഞ്ഞെടുക്കുക. ആദ്യ പോട്ടിൽ ഉൾപ്പെട്ട ടീമുകൾക്ക് കടുപ്പം കുറഞ്ഞ എതിരാളികളെ ആവും ആദ്യ ഘട്ടത്തിൽ ലഭിക്കുക. ആതിഥേയരായ ഖത്തർ, ലോക ഒന്നു മുതൽ എട്ടു വരെയുള്ള ബ്രസീൽ, ബെൽജിയം,ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്,
സ്‌പെയിൻ, പോർച്ചുഗൽ എന്നിവർ ആണ് ആദ്യ പോട്ടിൽ ഉൾപ്പെട്ടവർ.
രണ്ടാം പോട്ടിൽ മെക്സിക്കോ, നെതർലാന്റ്സ്, ജർമ്മനി, ഡെന്മാർക്ക്, ഉറുഗ്വേ, സ്വിസർലാന്റ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ക്രൊയേഷ്യ ടീമുകൾ ആണ് ഉൾപ്പെട്ടത്. മൂന്നാം പോട്ടിൽ ആഫ്രിക്കൻ ജേതാക്കൾ ആയ സെനഗൽ, ഇറാൻ, ജപ്പാൻ, മൊറോക്കോ, സെർബിയ, പോളണ്ട്, ദക്ഷിണ കൊറിയ, ടുണീഷ്യ ടീമുകളും ഉൾപ്പെടുന്നു. അതേസമയം അവസാന യോഗ്യതയിൽ പനാമയോട് തോൽവി വഴങ്ങിയതിനാൽ നാലാം പോട്ടിലേക്ക് പിന്തള്ളപ്പെട്ട കാനഡ, കാമറൂൺ, ഇക്വഡോർ, സൗദി അറേബ്യ, ഘാന ടീമുകൾക്ക് ഒപ്പം പ്ലെ ഓഫ് കളിച്ചു എത്തുന്ന മൂന്നു ടീമുകളും പോട്ട് നാലിൽ ഇടം പിടിക്കും. നിലവിൽ ആർക്കു എളുപ്പ ഗ്രൂപ്പ് കിട്ടും ഏത് ഗ്രൂപ്പ് മരണ ഗ്രൂപ്പ് ആവും എന്ന ആകാംക്ഷയിലും ആശങ്കയിലും ആണ് ലോകം എമ്പാടും ഉള്ള ഫുട്‌ബോൾ ആരാധകർ നിലവിൽ.