ലോകകപ്പിൽ ഓഫ് സൈഡുകൾ അറിയാൻ സെമി-ഓട്ടമേറ്റട് ടെക്‌നോളജി ഉപയോഗിക്കും എന്നു ഫിഫ

റഫറിയുടെ മാനുഷിക തീരുമാനങ്ങളിൽ ഉണ്ടാവുന്ന പിഴവുകൾ ഉണ്ടാക്കുന്ന വിവാദങ്ങൾ ഒഴിവാക്കാൻ പുതിയ രീതികളും ആയി ഫിഫ. 2018 ലോകകപ്പിൽ വാർ ഉപയോഗിച്ച ഫിഫ ഇത്തവണ ഖത്തർ ലോകകപ്പിൽ ഓഫ് സൈഡുകൾ അറിയാൻ സെമി-ഓട്ടമേറ്റട് ടെക്‌നോളജി ആണ് ഉപയോഗിക്കുക. ലോകകപ്പിന് ഉപയോഗിക്കുന്ന അഡിഡാസ് ബോളിന് അകത്ത് ചിപ്പ് സ്ഥാപിക്കുന്നതിന് പിറകെ ബോൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന 12 ക്യാമറകൾ സ്റ്റേഡിയത്തിൽ സ്ഥാപിച്ച് ആണ് നടന്ന സമയത്ത് തന്നെ ഓഫ് സൈഡുകൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുക.

Img 20220701 Wa0097

ഇതോടെ വാറിന് പോലും സംശയം ഉണ്ടാക്കുന്ന ഓഫ് സൈഡുകൾ കൃത്യമായി മനസ്സിലാക്കാൻ റഫറിമാർക്ക് സാധിക്കും. 3 വർഷമായി ഫിഫയും അഡിഡാസും ചേർന്നു നടത്തിയ പരീക്ഷണങ്ങൾ ആണ് ഈ ടെക്‌നോളജിക്ക് പിറകിൽ. സമീപകാലത്ത് ഖത്തറിൽ നടന്ന ക്ലബ് മത്സരങ്ങളിൽ അടക്കം നിരവധി തവണ പരീക്ഷിച്ചു വിജയിച്ചത് ആണ് ഈ രീതി. ലോകകപ്പിൽ പിഴവുകൾ ഇല്ലാതാക്കുന്നതിനു ഫിഫ നടത്തുന്ന മറ്റൊരു ശ്രമം കൂടിയാണ് ഇതെന്ന് ഫിഫ അറിയിച്ചു. ഈ വർഷം നവംബർ 21 നു നടക്കുന്ന സെനഗൽ, ഹോളണ്ട് മത്സരത്തിലൂടെയാണ് ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്ന ഫിഫ ഖത്തർ ലോകകപ്പിന് തുടക്കം ആവുക.