ഏത് രംഗത്തും ജയങ്ങൾക്കും പ്രശസ്തിക്കും ഒക്കെ മുകളിൽ നിൽക്കുന്ന ഒന്നാണ് മറ്റുള്ളവരെ തന്റെ യാത്രയിൽ സഹായിക്കുക എന്നത്. അതിനാൽ തന്നെയാണ് കായികതാരങ്ങളും സമ്പന്നരും ഒക്കെ മറ്റുള്ളവർക്കായി സഹായഹസ്തവുമായി രംഗത്ത് വരുന്നത്. പ്രശസ്തിക്കായി ആണ് അല്ലെങ്കിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും പരസ്യ താല്പര്യങ്ങൾക്കും ബ്രാന്റ് മൂല്യത്തിനും ഒക്കെയാണ് ഈ ചാരിറ്റികൾ എന്ന് എത്ര വിമർശനങ്ങൾ ഉണ്ടായാലും ഇവരുടെ സഹായം ഒരു വലിയ വിഭാഗത്തിന് വലിയ ആശ്വാസം ആണ് പകരുന്നത് എന്നതിൽ സംശയമില്ല. അതിനാൽ തന്നെ ആഫ്രിക്കയിലെ 6 രാജ്യങ്ങളിലെ കുട്ടികൾക്ക് ആയി റോജർ ഫെഡറർക്ക് ഒപ്പം കളത്തിലെ അദ്ദേഹത്തിന്റെ കടുത്ത എതിരാളിയും ജീവിതത്തിലെ വലിയ സുഹൃത്തും ആയ റാഫേൽ നദാൽ ഒന്നിക്കുമ്പോൾ അത് വലിയ വാർത്തയാണ്. കൂടെയാവട്ടെ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും ഡെയ്ലി ഷോ അവതാരകനും ദക്ഷിണാഫ്രിക്കൻ സ്റ്റാന്റ് അപ്പ് കൊമേഡിയനും ആയ ട്രവർ നോഹയും ഇതിഹാസതാരങ്ങൾക്ക് ഒപ്പം ടെന്നീസ് കളിക്കും. റോജർ ഫെഡറർ ഫൗണ്ടേഷൻ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിൽ സംഘടിപ്പിക്കുന്ന ഈ ‘ ആഫ്രിക്കക്ക് ആയുള്ള മത്സരം’ കാണാൻ ഒഴുകി എത്തുക ടെന്നീസ് കണ്ട ഏറ്റവും വലിയ ആൾക്കൂട്ടം ആവും. 50,000 മുകളിൽ സീറ്റുകൾ ഉള്ള മൈതാനത്തിലെ ടിക്കറ്റുകൾ മുഴുവൻ വെറും 10 മിനിറ്റുകൾ കൊണ്ട് ആയിരുന്നു വിറ്റ് പോയത്.
2003 ൽ ആണ് ലോക ടെന്നീസിലെ എക്കാലത്തെയും മഹാൻ ആയ ടെന്നീസ് താരം ആയ റോജർ ഫെഡറർ തന്റെ ചാരിറ്റബിൾ സംഘടന രൂപീകരിക്കുന്നത്. അന്ന് മുതൽ സാമൂഹിക സേവനപ്രവർത്തി തുടങ്ങിയ താരം ആഫ്രിക്കക്ക് എന്നും വലിയ പ്രാധാന്യം ആണ് നൽകിയത്. ഫെഡററിന്റെ അമ്മയുടെ രാജ്യം ആയ ദക്ഷിണാഫ്രിക്കയുമായുള്ള മാനസിക അടുപ്പവും ഈ തീരുമാനത്തിന് പിറകിൽ ഉണ്ടായിരുന്നു. അന്ന് മുതൽ തന്നെ കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനവും അതിലൂടെ അവർക്ക് ഒരു ഭാവിയും ആയിരുന്നു ഫെഡറർ ഫൗണ്ടേഷൻ ലക്ഷ്യം വച്ചത്. ദക്ഷിണാഫ്രിക്കക്കും തന്റെ രാജ്യം ആയ സ്വിസ്സർലന്റിലെ പുറമെ 5 ആഫ്രിക്കൻ രാജ്യങ്ങളിലെ കുട്ടികളുടെ ഉന്നമനം പ്രധാനമായും ലക്ഷ്യം വക്കുന്ന ഫെഡറർ ഫൗണ്ടേഷൻ ഈ രാജ്യങ്ങളിൽ വർഷങ്ങളായി സ്‌കൂളുകൾ അടക്കം നടത്തി വരുന്നു. കഴിഞ്ഞ 6 വർഷങ്ങൾ ആയി ധനസമാഹരണം നടത്താൻ ആയി ആഫ്രിക്കക്ക് ആയി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട് ഫെഡറർ ഫൗണ്ടേഷൻ. എന്നാൽ ഇത് ആദ്യം ആയാണ് ആഫ്രിക്കൻ മണ്ണിൽ ഇത്തരം ഒരു മത്സരം അരങ്ങേറുന്നത്.
കഴിഞ്ഞ വർഷം 15 കോടിയിൽ അധികം ഇങ്ങനെ സമാഹരിക്കാൻ ആയ ഫെഡറർ ഫൗണ്ടേഷൻ അതിലും അധികം ആണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. തന്റെ അമ്മയുടെ രാജ്യത്ത് തന്റെ സുഹൃത്തും എതിരാളിയും നദാലിന് എതിരെ കളിക്കാൻ ഇറങ്ങുന്നതിനെ സ്വപ്നസാക്ഷാത്ക്കാരം എന്നാണ് ഫെഡറർ വിശേഷിപ്പിച്ചത്. ടെന്നീസിനോടുള്ള ഇഷ്ടത്തിന് ഒപ്പം നല്ലൊരു കാര്യത്തിന് വേണ്ടിയാണ് മത്സരം എന്നത് ആണ് തങ്ങളെ ഇത്തരം ഒരു കാര്യത്തിന് പ്രേരിപ്പിച്ചത് എന്നും ഫെഡറർ കൂട്ടിച്ചേർത്തു. ഈ വരുന്ന ഏഴാം തിയതി വെളളിയാഴ്ച കേപ്പ് ടൗണിൽ ആണ് മത്സരങ്ങൾ നടക്കുക. ഫെഡററും നദാലും നേർക്കുനേർ വരുന്നതിനു പുറമെ ഡബിൾസിലും താരങ്ങൾ പരസ്പരം ഏറ്റുമുട്ടും. ഫെഡറർക്ക് ഒപ്പം ബിൽ ഗേറ്റ്‌സ് ഇറങ്ങുമ്പോൾ ഡബിൾസിൽ നദാലിന് പങ്കാളിയാവുക ട്രവർ നോഹ ആവും. മുമ്പും ഫെഡറർ ഫൗണ്ടേഷനുമായി സഹകരിച്ചിട്ടുള്ള ബിൽ ഗേറ്റ്‌സ് മുമ്പും ഫെഡറർക്ക് ഒപ്പം ഇത്തരം മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കയിൽ ജനിച്ച ട്രവർ നോഹ പക്ഷെ ഇത് ആദ്യമായാണ് ഇത്തരം ഒരു പരിപാടിയിൽ ഭാഗമാവുന്നത്. ആഫ്രിക്കക്ക് ആയി ഫെഡററും നദാലും ഒരുമിക്കുന്ന ഈ അപൂർവ മത്സരം കായികപ്രേമികൾക്ക് അപൂർവ കാഴ്ചയാവും എന്നുറപ്പാണ്