ഏറ്റവും കുറവ് ഇന്നിങ്‌സിൽ നിന്ന് 5000 റൺസ് നേടുന്ന വിക്കറ്റ് കീപ്പർ ആയി ഡി കോക്ക്

- Advertisement -

ക്യാപ്റ്റൻ ആയുള്ള തന്റെ അരങ്ങേറ്റം ഇംഗ്ലണ്ടിന് എതിരെ സ്വഞ്ചുറി നേടി ഗംഭീരമാക്കിയ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡി കോക്കിനെ തേടി ഒരു റെക്കോർഡ് കൂടി. ഏകദിനത്തിൽ ഏറ്റവും കുറവ് ഇന്നിങ്‌സുകളിൽ നിന്ന് 5000 റൺസ് തികക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആയി ഡി കോക്ക് ഇന്ന്. ഡു പ്ലെസിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ഡി കോക്ക് ഇന്ന് ദക്ഷിണാഫ്രിക്കയെ ജയത്തിലേക്കും നയിച്ചു. ഏകദിനത്തിൽ വെറും 116 ഇന്നിങ്‌സുകളിൽ നിന്നാണ് ഡി കോക്ക് 5000 റൺസിൽ എത്തിയത്. ഇതിനു മുമ്പ് ഒരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ഇത്ര കുറവ് ഇന്നിംഗ്സുകളിൽ നിന്ന് 5000 റൺസിൽ എത്തിയിട്ടില്ല. 5000 റൺസിൽ എത്തുന്ന വെറും ആറാമത്തെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയാണ് ഡി കോക്ക്. ആദം ഗിൽഗ്രിസ്റ്റ്, എം.എസ് ധോണി, കുമാർ സംഗക്കാര,ആന്റി ഫ്‌ളവർ, മുഷ്ഫിഖർ റഹിം എന്നിവർ ആണ് ഇതിനു മുമ്പ് 5000 റൺസിൽ എത്തിയ മറ്റ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻമാർ.

കൂടാതെ സ്വഞ്ചുറികളിൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസതാരം ജാക്വസ് ക്വാലിസുമായുള്ള അകലം വെറും 2 ആയും ഡി കോക്ക് കുറച്ചു. നിലവിൽ ഏറ്റവും കുറവ് ഇന്നിങ്‌സുകളിൽ നിന്ന് 5000 റൺസിൽ എത്തുന്ന ആറാമത്തെ താരം ആണ് ഡി കോക്ക്. 101 ഇന്നിങ്‌സുകളിൽ നിന്ന് 5000 റൺസിൽ എത്തിയ ദക്ഷിണാഫ്രിക്കയുടെ തന്നെ ഹാഷിം അംലയാണ് ലിസ്റ്റിൽ ഒന്നാമത്. 114 ഇന്നിങ്‌സുകളിൽ നിന്ന് വിവ് റിച്ചാർഡ്സും വിരാട് കോഹ്ലിയും 5000 ത്തിൽ എത്തിയപ്പോൾ 115 ഇന്നിങ്‌സുകളിൽ നിന്നാണ് ഡേവിഡ് വാർണർ ഈ നേട്ടം കൈവരിച്ചത്. അതേസമയം ഡി കോക്കിനെ പോലെ തന്നെ 116 ഇന്നിങ്‌സുകൾ വേണ്ടി വന്നു ജോ റൂട്ടിനും ഏകദിനത്തിൽ 5000 റൺസിൽ എത്താൻ. ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരുടെ നിരയിലേക്ക് ആണ് ഡി കോക്കിന്റെ പ്രയാണം.

Advertisement