എപിക് മാച്ചിന് ശേഷം പൊരുതി വീണ് സൈലന്റ് അസാസ്സിന്‍, ഫാന്‍ ചെംഗ്ഡോംഗിന് ഇനി സ്വര്‍ണ്ണ മെഡൽ മത്സരം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സൈലന്റ് അസാസ്സിന്‍ ലിന്‍ വിന്‍ റുവിനോട് പൊരുതി ജയിച്ച് ലോക ഒന്നാം റാങ്ക് താരം ഫാന്‍ ചെംഗ്ഡോംഗ്. ജയത്തോടെ താരം ഒളിമ്പിക്സ് പുരുഷ ടേബിള്‍ ടെന്നീസ് സ്വര്‍ണ്ണ മെഡൽ മത്സരത്തിന് യോഗ്യത നേടി. 4-3നാണ് മത്സരം ഫാന്‍ ചെംഗ്ഡോംഗ് വിജയിച്ചത്. 19 വയസ്സുകാരന്‍ താരം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കളി കളിച്ചാണ് വിജയം കുറിച്ചത്.

ആദ്യ ഗെയിമിൽ ചൈനീസ് തായ്പേയുടെ യുവ താരം ലോക ഒന്നാം നമ്പര്‍ താരം ഫാന്‍ ചെംഗ്ഡോംഗിനെ നിഷ്പ്രഭമാക്കി 11-6ന് ഗെയിം നേടി മത്സരത്തിൽ ലീഡ് നേടി.

Linjunyu

രണ്ടാം ഗെയിമിൽ 9-5ന്റെ ലീഡ് ചൈനീസ് താരം നേടിയെങ്കിലും ലിന്‍ വിന്‍ റു ലീഡ് കുറച്ച് 8-9 എന്ന നിലയിൽ ശക്തമായ തിരിച്ചുവരവ് നടത്തി. ടൈം ഔട്ട് വിളിച്ച ചൈനീസ് കോച്ച് തായ്പേയുടെ യുവതാരത്തിന്റെ ശ്രദ്ധ തെറ്റിക്കുവാനുള്ള ശ്രമം ഫലം കാണാതെ വന്നപ്പോള്‍ 9-9 ന് താരം തിരിച്ചുവരവ് നടത്തി. അടുത്ത രണ്ട് പോയിന്റുകളും നേടി ചൈനീസ് താരം ഗെയിം സ്വന്തമാക്കി മത്സരത്തിൽ 1-1ന് ഒപ്പമെത്തി.

മൂന്നാം ഗെയിമിലും ഫാന്‍ ചെന്‍ഡോംഗിനെ വെള്ളം കുടിപ്പിച്ച് ലിന്‍ മത്സരം ഡ്യൂസിലേക്ക് നീക്കി. മൂന്ന് ഗെയിം പോയിന്റ് ആണ് ലിന്‍ രക്ഷിച്ചത്. താരം ഒരു ഗെയിം പോയിന്റ് നേടിയെങ്കിലും ഫാന്‍ അത് രക്ഷിച്ച് വീണ്ടും ഗെയിം പോയിന്റ് സ്വന്തമാക്കി. ഗെയിം 14-12ന് ഫാന്‍ ചെംഗ്ഡോസ് ജയിക്കുകയായിരുന്നു.

നാലാം ഗെയിമിലും ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. ലിന്‍ ആദ്യമേ ലീഡ് നേടിയെങ്കിലും ഫാന്‍ ഒപ്പമെത്തി ലീഡ് നേടുന്നത് കണ്ടപ്പോള്‍ മത്സരം കാണികള്‍ക്കും ആരാധകര്‍ക്കും ആവേശകരമായി. 8-5ന്റെ ലീഡ് ഫാന്‍ നേടിയെങ്കിലും ലിന്‍ 8-8ന് ഒപ്പമെത്തി. അടുത്ത രണ്ട് പോയിന്റുകളും ഇരു താരങ്ങളും പങ്കുവെച്ചപ്പോള്‍ വീണ്ടുമൊരു ഗെയിം ക്സോസ് ഫിനിഷിലേക്ക് പോയി. ഫാന്‍ ഒരു ഗെയിം പോയിന്റ് നേടിയെങ്കിലും ലിന്‍ പതറാതെ മത്സരം ഡ്യൂസിലേക്ക് നീങ്ങി.

ഡ്യൂസിലും ഇരു താരങ്ങളും വിട്ടു കൊടുക്കാതെ നിന്നപ്പോള്‍ ആവേശക്കൊടുമുടിയിലേക്ക് നാലാം ഗെയിമും നീങ്ങി. നാലാം ഗെയിം 15-13ന് സ്വന്തമാക്കി മത്സരം ലിന്‍ 2-2ന് ഒപ്പമാക്കി. അഞ്ചാം ഗെയിമിലും മുന്‍ ഗെയിമുകളിലെ പോലെ ഫാന്‍ ചെംഗ്ഡോംഗും ലിന്‍ വിന്‍ റൂയും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഗെയിം 11-9ന് സ്വന്തമാക്കി ചൈനീസ് താരം 3-2ന്റെ ലീഡ് നേടി.

ആറാം ഗെയിമിൽ 9-5ന്റെ ലീഡ് ഫാന്‍ ചെംഗ്ഡോംഗ് നേടിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി ലിന്‍ ഗെയിം പോയിന്റിലേക്ക് നീങ്ങുകയും ഗെയിം സ്വന്തമാക്കുകയും ചെയ്ത് മത്സരം 3-3ന് എത്തിച്ച് നിര്‍ണ്ണായകമായ ഏഴാം ഗെയിമിലേക്ക് നീങ്ങി.

അവസാന ഗെയിമിൽ സമ്മര്‍ദ്ദം അതിജീവിക്കുവാന്‍ ലിന്‍ പാടുപെട്ടപ്പോള്‍ ഫാന്‍ 8-4ന്റെ ലീഡ് നേടി. 1-3ന് പുറകിൽ നിന്ന ശേഷമാണ് ലോക ഒന്നാം നമ്പര്‍ താരത്തിന്റെ തിരിച്ചുവരവ്. അവസാന ഗെയിം ഫാന്‍ 11-8ന് ജയിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു.

സ്കോര്‍: 6-11, 11-9. 14-12, 13-15, 11-9, 9-11, 11-8