അവിശ്വസനീയ റേസ്! 4×200 മീറ്റർ ഫ്രീസ്റ്റൈൽ റിലെയിൽ ലോക റെക്കോർഡ് നേടി ചൈന

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന പ്രകടനവുമായി നീന്തൽ കുളത്തിൽ താരങ്ങൾ നിറഞ്ഞപ്പോൾ പിറന്നത് അവിസ്മരണീയ റേസ്. 4×200 മീറ്റർ ഫ്രീസ്റ്റൈൽ റിലെയിൽ ചൈന, അമേരിക്ക, ഓസ്‌ട്രേലിയ ടീമുകൾ പുറത്ത് എടുത്തത് എന്നെന്നും ഓർക്കാവുന്ന പ്രകടനം തന്നെയാണ്. തുടക്കത്തിൽ തന്നെ കരുത്തരായ അമേരിക്ക ഓസ്‌ട്രേലിയ ടീമുകളെ മറികടന്നു മുന്നേറുന്ന ചൈനയെ ആണ് കാണാൻ ആയത്. ഇടക്ക് ഓസ്‌ട്രേലിയ അവരെ മറികടന്നു എങ്കിലും അമേരിക്ക മൂന്നാമത് ആയിരുന്നു. എന്നാൽ ചൈന ലീഡ് പിന്നെയും തിരിച്ചു പിടിച്ചു. മൂന്നു ടീമുകളും തങ്ങളുടെ പരമാവധി ശ്രമിച്ചപ്പോൾ കണ്ടത് തീപാറും പോരാട്ടം ആണ്. ആദ്യ ലെഗിൽ അരിയാർണ ടിറ്റമസിനെ മറികടന്നു യാങ് ജുക്സാൻ നൽകിയ മുൻതൂക്കം ചൈനക്ക് വലിയ കരുത്തായി.

അവസാന ലെഗിൽ അമേരിക്കക്ക് ആയി ഇതിഹാസ താരം കാറ്റി ലഡക്കി നീന്താൻ ഇറങ്ങുമ്പോൾ അമേരിക്ക അപ്പോഴും മൂന്നാമത് ആയിരുന്നു. എന്നാൽ തന്റെ സകലതും നൽകി ലഡക്കി പൊരുതിയപ്പോൾ ഓസ്‌ട്രേലിയയെ അമേരിക്ക മറികടന്നു. എന്നാൽ ഒന്നാം സ്ഥാനം വിട്ട് കൊടുക്കാൻ ചൈന തയ്യാറല്ലായിരുന്നു. നിലവിലെ ലോക റെക്കോർഡ് സമയം ചൈന, അമേരിക്ക, ഓസ്‌ട്രേലിയ ടീമുകൾ മൂന്നു ടീമുകളും തിരുത്തിക്കുറിച്ച കാഴ്ച അവിശ്വസനീയമായി. 7 മിനിറ്റ് 40.33 സെക്കന്റ് എടുത്തു റിലെ പൂർത്തിയാക്കിയ ചൈന ലോക റെക്കോർഡിനു പുറമെ ഒളിമ്പിക് സ്വർണവും സ്വന്തം പേരിൽ കുറിച്ചു. ഇന്ന് ചൈന നീന്തലിൽ നേടുന്ന രണ്ടാം സ്വർണമാണ് ഇത്.