മലപ്പുറത്തിന്റെ ഫഹീം അലി ഇനി ഐ എസ് എല്ലിൽ കളിക്കും

Newsroom

മലപ്പുറത്ത് നിന്ന് ഒരു കളിക്കാരൻ കൂടെ ഐ എസ് എല്ലിലേക്ക്. കേരള ഫുട്ബോൾ ആരാധകർക്ക് ഏറെ പരിചതനായ യുവതാരം ഫഹീം അലിയാണ് ഒരു ഐ എസ് എൽ ക്ലബിന്റെ ഭാഗമാകുന്നത്. ഐ എസ് എലിൽ പൂനെ സിറ്റിക്ക് പകരം എത്തിയ ഹൈദരബാദ് എഫ് സിയാണ് താരത്തെ ഇപ്പോൾ ടീമിൽ എടുത്തിരിക്കുന്നത്. കൊണ്ടോട്ടിക്കാരൻ ആയ ഫഹീം ഇപ്പോൾ ഹൈദരബാദ് എഫ് സിക്ക് ഒപ്പം പരിശീലനം നടത്തുകയാണ്.

താരം പ്രീസീസണിൽ ഹൈദരബാദ് എഫ് സിക്ക് ഒപ്പം ഉണ്ടാകും. ടീം പരിശീലകർക്കും മാനേജ്മെന്റിനും താരത്തിന്റെ പ്രകടനം ഇഷ്ടപ്പെടുകയാണെങ്കിൽ താരം ക്ലബുമായി ദീർഘകാല കരാറിൽ തന്നെ ഒപ്പുവെക്കും. അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഫോർവേഡ് റോളിലും ഒക്കെ കളിക്കുന്ന താരം ഇ എം ഇ എ കോളേജിന്റെ താരമായിരുന്നു. സെവൻസ് ഫുട്ബോളിലൂടെ മലബാറിലെ ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ ഒരുപാട് ഇഷ്ടം നേടിയ താരമാണ് ഫഹീം. സെവൻസ് ക്ലബായ കെ ആർ എസ് കോഴിക്കോടിന്റെ അറ്റാക്കിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു അവസാന സീസണിൽ ഫഹീം.