ഗ്രിഡ് പെനാൽട്ടിയും യോഗ്യതയിലെ അയോഗ്യതയും അടക്കം എല്ലാം മറികടന്നു താൻ എന്തിനാണ് 7 തവണ ലോക ജേതാവ് ആയത് എന്നു ബ്രസീലിൽ ലോകത്തിനു കാണിച്ചു ലൂയിസ് ഹാമിൾട്ടൻ. സഹ ഡ്രൈവർ ബോട്ടാസ് ഒന്നാമതും റെഡ് ബുള്ളിന്റെ വെർസ്റ്റാപ്പൻ രണ്ടാമതും ആയി തുടങ്ങിയ റേസിൽ ഹാമിൾട്ടൻ റേസ് തുടങ്ങിയത് പത്താമത് ആയാണ്. ആദ്യം തന്നെ മെഴ്‌സിഡസിന്റെ ബോട്ടാസിനെ മറികടന്ന വെർസ്റ്റാപ്പൻ റേസിൽ മുന്തൂക്കവും നേടി. എന്നാൽ ഒന്നിന് പിറകെ ഒന്നായി ഹാമിൾട്ടൻ ഡ്രൈവർമാരെ മറികടന്നു കയറിപ്പോൾ ബോട്ടാസ് വെർസ്റ്റാപ്പനു കടുത്ത വെല്ലുവിളി നൽകി മെഴ്‌സിഡസിന്റെ ടീം പ്ലാൻ കൃത്യമായി നടപ്പിലാക്കി. 53 മത്തെ ലാപ്പിൽ ഹാമിൾട്ടൻ വെർസ്റ്റാപ്പനെ മറികടക്കും എന്നു തോന്നിയെങ്കിലും അപകടകരമായ വിധം വെർസ്റ്റാപ്പൻ മുൻതൂക്കം നിലനിർത്തി.
എന്നാൽ കുറച്ചു ലാപ്പുകൾക്ക് അപ്പുറം അസാധ്യമെന്നു കരുതിയ നേട്ടം ഹാമിൾട്ടൻ കൈവരിച്ചു വെർസ്റ്റാപ്പനെ പിന്നിലാക്കി. തുടർന്ന് റേസ് ഹാമിൾട്ടൻ ഒന്നാമത് തന്നെ അവസാനിപ്പിച്ചു തന്റെ മികവ് ലോകത്തിനു ഒന്നു കൂടി വിളംബരം ചെയ്തു. വെർസ്റ്റാപ്പൻ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ ബോട്ടാസ് മൂന്നാം സ്ഥാനവും നേടി. നാലാമത് ആയി റെഡ് ബുള്ളിന്റെ സെർജിയോ പെരസ് എത്തിയപ്പോൾ അഞ്ചും ആറും സ്ഥാനങ്ങൾ ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക്, കാർലോസ് സൈൻസ് എന്നിവരും നേടി. അതേസമയം റേസിന് ഇടയിൽ സുരക്ഷ ബെൽറ്റുകൾ ശരിയായി ധരിച്ചില്ല എന്നതിന് 9000 ഡോളർ പിഴ വിധിച്ചു. ഹാമിൾട്ടന്റെ വിജയം തിരിച്ചെടുക്കുമോ എന്ന ഭയം ഉണ്ടായി എങ്കിലും ശിക്ഷ പിഴയിൽ ഒതുങ്ങുക ആയിരുന്നു. ജയം ഹാമിൾട്ടനു വെർസ്റ്റാപ്പനും ആയുള്ള പോയിന്റ് വ്യത്യാസം 14 പോയിന്റുകൾ ആയി കുറച്ചു. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ആണ് ജയത്തെ ഹാമിൾട്ടൻ പിന്നീട് വിശേഷിപ്പിച്ചത്. ഇനിയും ലോക കിരീടത്തിനു ആയി തങ്ങൾ വിട്ട് കൊടുക്കാതെ പൊരുതും എന്നും ബ്രിട്ടീഷ് ഡ്രൈവർ പറഞ്ഞു. ഹാമിൾട്ടൻ മാസ്റ്റർ ക്ലാസിനു തന്നെയാണ് ബ്രസീൽ ഇന്ന് വേദിയായത്.