ഇന്ന് പ്രീമിയർ ലീഗിൽ എവർട്ടൺ എന്താണ് അവസാന 12 മിനുട്ടുകളിൽ കളിച്ചത് എന്ന് അവർക്ക് പോലും മനസ്സിലായിട്ടുണ്ടാകില്ല. 78 മിനുട്ട് വരെ 2-1ന് മുന്നിലായിരുന്ന എവർട്ടൺ ഫൈനൽ വിസിൽ വന്നപ്പോൾ വാറ്റ്ഫോർഡിന് മുന്നിൽ 2-5ന്റെ പരാജയം ഏറ്റുവാങ്ങുന്നത് ആണ് കാണാൻ ആയത്. കളിയുടെ അവസാനം എങ്ങനെയാണ് ഡിഫൻഡ് ചെയ്യേണ്ടത് എന്ന് പോലും അറിയാത്ത രീതിയിലാണ് ബെനിറ്റസിന്റെ ടീം കളിച്ചത്. ജോഷുവ കിംഗ് ഹാട്രിക്കുമായി ഇന്ന് വാറ്റ്ഫോർഡ് ജയത്തിന്റെ ചുക്കാൻ പിടിച്ചു.
3ആം മിനുട്ടിൽ ടോം ഡേവിസിന്റെ ഗോളിൽ എവർട്ടൺ ആണ് ആദ്യം ലീഡ് എടുത്തത്. ഇതിന് 13ആം മിനുട്ടിൽ ജോഷുവ കിംഗ് മറുപടി നൽകി. രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ ഒരു ഡൈവിംഗ് ഹെഡറിലൂടെ റിച്ചാർലിസൺ എവർട്ടണ് ലീഡ് നൽകിയപ്പോൾ 3 പോയിന്റ് ലഭിച്ചു എന്നാണ് എവർട്ടൺ കരുതിയത്. എന്നാൽ കാര്യങ്ങൾ അവർ പ്രതീക്ഷിച്ചത് പോലെ ആയില്ല. 78ആം മിനുട്ടിൽ കുക്കയുടെ ഗോൾ വാറ്റ്ഫോർഡിനെ ഒപ്പം എത്തിച്ചു. സ്കോർ 2-2
പിന്നെ ഗോൾ പെരുമഴ ആയിരുന്നു. 80ആം മിനുട്ടിലെയും 86ആം മിനുട്ടിലെയും കിംഗിന്റെ ഗോളുകൾ സ്കോർ 4-2 എന്നാക്കി. കിംഗ് ഹാട്രിക്കും തികച്ചു. അവസാന മിനുട്ടിൽ ഡെന്നീസും ഗോൾ നേടിയതീടെ കളി അവർ 5-3ന് ജയിച്ചു. വാറ്റ്ഫോർഡിന്റെ സീസണിലെ മൂന്നാം വിജയം മാത്രമാണിത്.