ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനക്കാരായ ചെൽസിയെ അട്ടിമറിച്ചു അവരുടെ മുൻ താരവും പരിശീലകനും ആയ ഫ്രാങ്ക് ലമ്പാർഡിന്റെ എവർട്ടൺ. നിലവിൽ ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന എവർട്ടൺ 18 മത് ആയി തുടരും എങ്കിലും അവർക്ക് ഇത് വിലമതിക്കാൻ ആവാത്ത ജയം തന്നെയാണ്. മികച്ച രക്ഷപ്പെടുത്തലുകളും ആയി ചെൽസി മുന്നേറ്റത്തെ ഗോൾ അടിക്കുന്നതിൽ നിന്നു തടഞ്ഞ ഗോൾ കീപ്പർ ജോർദൻ പിക്ഫോർഡ് ആണ് എവർട്ടണിനു വലിയ ജയം സമ്മാനിച്ചത്.
ഏതാണ്ട് 80 ശതമാനം സമയവും പന്ത് കൈവശം വച്ച ചെൽസി തന്നെയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സെസർ ആസ്പിലക്വറ്റയുടെ പിഴവ് മുതലെടുത്ത റിച്ചാർലിസൻ ഗ്രെയുടെ പാസിൽ നിന്നു എവർട്ടണിനു വിലമതിക്കാൻ ആവാത്ത ഗോൾ സമ്മാനിക്കുക ആയിരുന്നു. മികച്ച ഗോൾ തന്നെയായിരുന്നു ഇത്. രണ്ടാം പകുതിയിൽ മൗണ്ടിന്റെയും, റൂഡിഗറിന്റെയും അടക്കം ഗോൾ എന്നു ഉറപ്പിച്ച ഷോട്ടുകൾ രക്ഷിച്ച ഇംഗ്ലണ്ട് ഗോൾ കീപ്പർ എവർട്ടണിനു ചെൽസിക്ക് എതിരെ വലിയ ജയം സമ്മാനിക്കുക ആയിരുന്നു. നിലവിൽ 5 മത്സരങ്ങൾ അവശേഷിക്കുന്ന എവർട്ടൺ ലീഗിൽ നിലനിൽക്കാൻ എല്ലാം മറന്നു പൊരുതും എന്നുറപ്പാണ്.













