ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടുത്ത സീസണിൽ ഉണ്ടാകും എന്ന് ഉറപ്പിക്കാൻ എവർട്ടണ് ഇനിയും സമയം വേണം. ഇന്ന് ഗുഡിസൻ പാർക്കിൽ വെച്ച് ബ്രെന്റ്ഫോർഡിനെ നേരിട്ട എവർട്ടൺ 2-3 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. രണ്ട് ചുവപ്പ് കാർഡ് വാങ്ങിയ ലമ്പാർഡിന്റെ ടീം 9 പേരുമായാണ് കളി അവസാനിപ്പിച്ചത്. ഇന്ന് മത്സരത്തിൽ 12ആം മിനുട്ടിൽ കാൾവട് ലൂയിനിലൂടെ ലീഡ് എടുത്ത് കൊണ്ട് മികച്ച രീതിയിലാണ് എവർട്ടൺ കളി ആരംഭിച്ചത്. എന്നാൽ 18ആം മിനുട്ടിലെ ബ്രാന്ത്വൈറ്റിന്റെ ചുവപ്പ് കാർഡ് എവർട്ടണ് തിരിച്ചടി ആയി.
37ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ബ്രെന്റ്ഫോർഡ് സമനില നേടി. ആദ്യ പകുതിയുടെ അവസാനം ഒരു പെനാൾട്ടി ഗോളിലൂടെ റിച്ചാർലിസൻ വീണ്ടും എവർട്ടണെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി.
62ആം മിനുട്ടിൽ വാൻ വിസയിലൂടെ ബ്രെന്റ്ഫോർഡ് സമനില നേടി. രണ്ട് മിനുട്ടുകൾക്ക് അപ്പം ഹെൻറിയിലൂടെ ബ്രെന്റ്ഫോർഡിന്റെ മൂന്നാം ഗോൾ. സ്കോർ 3-2. മത്സരത്തിൽ 88ആം മിനുട്ടിൽ റോണ്ടൻ കൂടെ ചുവപ്പ് കണ്ടതോടെ എവർട്ടന്റെ പോരാട്ടം അവസാനിച്ചു.
ഈ പരാജയത്തോടെ എവർട്ടൺ 36 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 36 പോയിന്റിൽ നിൽക്കുകയാണ്. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ എവർട്ടണ് റിലഗേഷൻ ഒഴിവാക്കുമെന്ന് ഉറപ്പാക്കാമായിരുന്നു. ഇപ്പോൾ എവർട്ടൺ 16ആം സ്ഥാനത്താണ് ഉള്ളത്.