ലൂയിസ് സുവാരസ് അത്ലറ്റിക്കോ മാഡ്രിഡ് വിടും എന്ന് ഉറപ്പായി

ഉറുഗ്വേ സ്ട്രൈക്കർ ലൂയിസ് സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിൽ തുടരില്ല. താരം ക്ലബിനോട് ഈ സീസണോടെ യാത്ര പറയും എന്ന് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിനായൂള്ള അവസാന ഹോം മത്സരം കളിച്ചു. രണ്ട് വർഷം മുമ്പായിരുന്നു ബാഴ്സലോണയിൽ നിന്ന് സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്. കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ലാലിഗ ജേതാക്കൾ ആക്കുന്നതിൽ സുവാരസ് വലിയ പങ്കുവഹിച്ചിരുന്നു.

രണ്ട് വർഷത്തെ കരാർ അവസാനിക്കുന്നതോടെ താരം ക്ലബ് വിടും. അമേരിക്കയിൽ നിന്ന് സുവാരസിന് ഓഫറുകൾ ഉണ്ടെങ്കിലും ലോകകപ്പ് ഉള്ളതിനാൽ അടുത്ത സീസണിലും യൂറോപ്പിൽ തന്നെ തുടരാനാണ് സുവാരസ് ശ്രമിക്കുന്നത്. അദ്ദേഹം യൂറോപ്യൻ ക്ലബുകളിൽ നിന്ന് ഉള്ള ഓഫറുകൾ ആകും പരിഗണിക്കുന്നത്‌.

2014ൽ ലിവർപൂൾ വിട്ടത് മുതൽ സ്പെയിനിലായിരുന്നു സുവാരസ് ഉണ്ടായിരുന്നത്. ബാഴ്സക്ക് ഒപ്പം കളിച്ച് ഒരുപാട് കിരീടങ്ങൾ നേടിയ താരം വിവാദ നീക്കത്തിലൂടെയാണ് അത്ലറ്റിക്കോയിൽ എത്തിയത്. മുമ്പ് അയാക്സിനായും ഗോളടിച്ച് കൂട്ടിയിട്ടുള്ള താരമാണ് സുവാരസ്.