തുടർച്ചയായി 31 കളികളിൽ പരാജയം അറിയാതെ പുതിയ റെക്കോർഡ് കൈവരിച്ചു റോബർട്ടോ മാഞ്ചിനിയുടെ ഇറ്റാലിയൻ ടീം. 2018 നു ശേഷം ഇത് വരെ പരാജയം അറിയാത്ത അസൂറിപ്പട ഓസ്ട്രിയക്ക് എതിരെയും പ്രീ ക്വാർട്ടറിൽ ജയം കണ്ടതോടെ 31 മത്സരങ്ങൾ ആണ് പരാജയം അറിയാതെ പൂർത്തിയാക്കിയത്. 1935 മുതൽ 1939 വരെ ഇറ്റലി തന്നെ സ്ഥാപിച്ച 30 മത്സരങ്ങൾ പരാജയം അറിയാതെ കളിച്ച റെക്കോർഡ് ആണ് ഇതോടെ പഴയ കഥ ആയത്. 1994 മുതൽ 1996 വരെ 30 കളികൾ പരാജയം അറിയാതെ കുതിച്ച ഫ്രാൻസ് ടീമിന് മാത്രം ആണ് മുമ്പ് ഈ റെക്കോർഡിനു ഒപ്പം എത്താൻ ആയത്.
ഇതോടെ ഏതാണ്ട് 82 വർഷം പഴക്കമുള്ള തങ്ങളുടെ തന്നെ റെക്കോർഡ് ഇറ്റലി പഴയ കഥയാക്കി. കഴിഞ്ഞ 1000 ത്തിൽ ഏറെ മിനിറ്റുകൾ ഗോൾ വഴങ്ങാതെ 11 മത്സരങ്ങൾ പൂർത്തിയാക്കിയ ജിജിയോ ഡോണാരുമക്കും ഇറ്റാലിയൻ പ്രതിരോധത്തിനും പക്ഷെ ഗോൾ വഴങ്ങാതെയുള്ള ഇറ്റാലിയൻ റെക്കോർഡ് ഭേദിക്കാൻ ആയില്ല. അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ ഓസ്ട്രിയക്ക് എതിരെ ഗോൾ വഴങ്ങിയതോടെ തുടർച്ചയായ 12 മത്സരത്തിൽ ഗോൾ വഴങ്ങാതിരിക്കാനുള്ള ഇറ്റാലിയൻ ശ്രമം ആണ് അവസാനിച്ചത്. എന്നാൽ ജയം തുടരുന്ന ഇറ്റാലിയൻ പട മാഞ്ചിനിക്ക് കീഴിൽ മികച്ച താരനിരയും ആയി ഈ യൂറോ തന്നെ ഉയർത്താനുള്ള കുതിപ്പിൽ ആണ്. ക്വാർട്ടർ ഫൈനലിൽ ബെൽജിയം, പോർച്ചുഗൽ മത്സരവിജയിയെ ആണ് ഇറ്റലി നേരിടുക.