തോൽവിയിലും ഫുട്‌ബോൾ ആരാധക ഹൃദയം കീഴടക്കി തല ഉയർത്തി ഓസ്ട്രിയ മടങ്ങുന്നു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ യൂറോയിൽ പോരാട്ടവീര്യം കൊണ്ടു ആരാധക ഹൃദയം കീഴടക്കുന്ന മറ്റൊരു ടീമായി ഓസ്ട്രിയ മാറി. ഗ്രൂപ്പിൽ ആധികാരിക പ്രകടനവും ആയി കളിച്ച 3 കളികളും 8 ഗോളുകൾ അടിച്ചു വന്ന ഇറ്റലിക്ക് എല്ലാവരും വലിയ സാധ്യതകൾ ആണ് ഓസ്ട്രിയക്ക് എതിരെ കല്പിച്ചത്. എന്നാൽ ഈ പ്രവചനങ്ങൾ എല്ലാം കാറ്റിൽ പറത്തിയ ഓസ്ട്രിയ അക്ഷരാർത്ഥത്തിൽ ഇറ്റലിയെ വിറപ്പിച്ചു. ഗ്രൂപ്പ് സിയിൽ ഉക്രൈൻ, നോർത്ത് മസഡോണിയ ടീമുകളെ മറികടന്നു പ്രീ ക്വാർട്ടറിൽ എത്തിയ അവർ തങ്ങളുടെ സകലതും ഇറ്റലിക്ക് എതിരെ കളത്തിൽ നൽകി. മത്സരത്തിലെ ആദ്യ പകുതി മുതൽ മികച്ച ഫോമിൽ ഉണ്ടായിരുന്ന ഇറ്റലിക്ക് മുന്നിൽ പിടിച്ചു നിന്നു ഓസ്ട്രിയ. മുന്നേറ്റനിര താരം അർണോടോവിച്ച്, ലെയ്മർ എന്നിവർ നിരന്തരം തങ്ങളുടെ വേഗം കൊണ്ടും തളരാത്ത പോരാട്ട വീര്യം കൊണ്ടും ഇറ്റാലിയൻ പ്രതിരോധത്തിനു ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഒരിക്കലും തളരാത്ത യന്ത്രം പോലെ പ്രതിരോധം മുതൽ മുന്നേറ്റം വരെ ഓടി നടന്ന ഡേവിഡ് അലാബ ഇറ്റാലിയൻ ടീമിന് വലിയ തലവേദന ആയി. എങ്കിലും ആദ്യ പകുതിയിൽ ഇറ്റലിക്ക് കൂടുതൽ മുൻ തൂക്കം ഉണ്ടായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. കളിയുടെ നിയന്ത്രണം പോലും ഓസ്ട്രിയ ഏറ്റെടുക്കും വിധം കളി പുരോഗമിച്ചു. മധ്യനിരയിൽ സബിറ്റ്സർ കളി നിയന്ത്രിച്ചപ്പോൾ ലെയ്നർ, ഡ്രഗോവിച്ച് എന്നിവർ അടങ്ങിയ പ്രതിരോധം പാറ പോലെ നിന്നു. ഗോൾ കീപ്പർ ഡാനിയേൽ ബാക്മാൻ ആവട്ടെ ഇൻസിഗ്‌നെയുടെ ഫ്രീകിക്കിൽ നടത്തിയ അവിശ്വസനീയ രക്ഷപ്പെടുത്തൽ അടക്കം നിർണായക സമയത്ത് രക്ഷകൻ ആയി. ഇതിന്റെ ഫലം ആയിരുന്നു ഡേവിഡ് അലാബ ഹെഡറിലൂടെ നൽകിയ പാസിൽ നിന്നു അർണോടോവിച്ച് നേടിയ ഗോൾ. എന്നാൽ നിസാര വ്യത്യാസത്തിനു ഇത് വാർ ഓഫ് സൈഡ് വിളിച്ചതോടെ മത്സരം അധിക സമയത്തിലേക്ക് നീണ്ടു. തന്റെ കയ്യിലുള്ള മികച്ച താരനിരയെ പകരക്കാർ ആയി റോബർട്ടോ മാഞ്ചിനി ഉപയോഗിച്ചപ്പോൾ അധിക സമയത്ത് കളി മാറി. അധിക സമയത്ത് ആദ്യ പകുതിയിൽ 95 മത്തെ മിനിറ്റിൽ ഫെഡറികോ കിയൽസ, 105 മിനിറ്റിൽ മറ്റയോ പെസിന എന്നിവരുടെ ഗോൾ വന്നതോടെ ഓസ്ട്രിയ തീർന്നു എന്നാണ് സകലരും കരുതിയത്.

എന്നാൽ പോരാടാൻ ഉറച്ചു അധിക സമയത്ത് രണ്ടാം പകുതിയിൽ ഇറങ്ങിയ അവർ നിരന്തരം അവസരങ്ങൾ സൃഷ്ടിച്ചു. സബിറ്റ്സറിന് ലഭിച്ച വലിയ അവസരം താരം പാഴാക്കിയത് അവിശ്വസനീയ കാഴ്ച്ച ആയി. എന്നാൽ തൊട്ടടുത്ത നിമിഷം 114 മത്തെ മിനിറ്റിൽ സാസയിലൂടെ ഓസ്ട്രിയ ഒരു ഗോൾ തിരിച്ചു അടിച്ചതോടെ ഇറ്റലി ഞെട്ടി. 1,168 മിനിറ്റുകൾക്ക് ശേഷം ആണ് ഡൊണാരുമ കാവൽ നിൽക്കുന്ന ഇറ്റാലിയൻ വല ആദ്യമായി കുലുങ്ങുന്നത്. തുടർന്നും അവസരങ്ങൾ തുറന്നു പൊരുതിയ ഓസ്ട്രിയ വീണ്ടും ഡൊണാരുമയെ പരീക്ഷിച്ചു എന്നാൽ ഇത്തവണ അതുഗ്രൻ രക്ഷപ്പെടുത്തൽ ആണ് ഇറ്റലിയുടെ 22 കാരൻ ഗോൾ കീപ്പറിൽ നിന്നു ഉണ്ടായത്. ഒടുവിൽ 120 മിനിറ്റുകൾക്ക് അപ്പുറം അവസാന വിസിൽ മുഴങ്ങുമ്പോൾ 2-1 ഓസ്ട്രിയ തോൽക്കുമ്പോൾ സകലവും മറന്നു കളത്തിൽ പൊരുതിയ ഡേവിഡ് അലാബയും സംഘവും ഫുട്‌ബോൾ ആരാധകരുടെ ഹൃദയത്തിൽ വലിയ സ്ഥാനം ആണ് സ്വന്തമാക്കിയത്. 1998 ൽ അവസാന ലോകകപ്പ് കളിച്ച 2008 ൽ ആദ്യമായി യൂറോ കപ്പ് യോഗ്യത നേടിയ ഓസ്ട്രിയക്ക് ഇത് മൂന്നാം യൂറോ കപ്പ് ആണ്. 23 റാങ്കുകാർ ആയ ഫ്രാങ്കോ ഫോഡയുടെ ടീം ഏത് വമ്പന്മാരെയും വിറപ്പിക്കാൻ തങ്ങൾക്ക് ആവും എന്നു തെളിയിച്ചു ആരാധക ഹൃദയം കവർന്നു തന്നെയാണ് ഈ യൂറോ കപ്പിൽ നിന്നു നാട്ടിലേക്ക് മടങ്ങുന്നത്. വലിയ ടീമുകളും ചെറിയ ടീമുകളും എന്ന അന്തരം കുറഞ്ഞു വരുന്നത് ഈ യൂറോയിൽ കൂടുതൽ തെളിഞ്ഞു വരുമ്പോൾ ഫുട്‌ബോൾ ആരാധകർക്ക് അത് ആവേശ കാഴ്ച ആവുകയാണ്.