വെമ്പ്ലിയിൽ ഇന്ന് തീപാറും പോരാട്ടം. ആദ്യ സെമിയിൽ ഇന്ന് സ്പെയിൻ ഇറ്റലിയെ നേരിടുമ്പോൾ അത് ഉറപ്പായിട്ടും വമ്പൻ പോരാട്ടം ആവും എന്നുറപ്പാണ്. കഴിഞ്ഞ 32 കളികളിൽ പരാജയം അറിയാതെ വരുന്ന റോബർട്ടോ മാഞ്ചിനിയുടെ അസൂറിപ്പടയെ പിടിച്ച് കെട്ടുക എന്ന വലിയ ലക്ഷ്യമാണ് ലൂയിസ് എൻറിക്വയുടെ സ്പെയിന് മുന്നിലുള്ളത്. ബെൽജിയത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു ആണ് ഇറ്റലി സെമിഫൈനലിൽ എത്തിയത് എങ്കിൽ സ്വിസ് ടീമിൽ നിന്നു പെനാൽട്ടി ഷൂട്ട് ഔട്ടിൽ നിന്നു വിജയം പിടിച്ചെടുത്താണ് ഇറ്റലി വരുന്നത്. സമീപകാല ഫോമിൽ ഇറ്റലി മുന്നിൽ ആണെങ്കിലും അവസാനം പരസ്പരം കളിച്ച 14 കളികളിൽ 2 എണ്ണത്തിൽ മാത്രമാണ് ഇറ്റലി സ്പെയിനിനെ തോൽപ്പിച്ചത്. 2016 ൽ പ്രീ ക്വാർട്ടർ ജയവും 2011 ലെ സൗഹൃദ മത്സരജയവും കഴിഞ്ഞാൽ സമീപകാലത്ത് ഒരു മത്സരവും ഇറ്റലി സ്പെയിന് മേൽ ജയിച്ചിട്ടില്ല. സ്പെയിൻ ജയിച്ച 2008 യൂറോയിലും 2012 യൂറോ ഫൈനലിലും അവർ ഇറ്റലിയെ മറികടന്നിരുന്നു. ഒരു വലിയ ടൂർണമെന്റിൽ തങ്ങളുടെ 12 മത്തെ സെമിഫൈനൽ കളിക്കാൻ ഇറ്റലി ഒരുങ്ങുമ്പോൾ കഴിഞ്ഞ 4 യൂറോയിൽ ഇത് മൂന്നാം സെമിഫൈനൽ ആണ് സ്പെയിന് ഇത്.
ടൂർണമെന്റിൽ 3 ഗ്രൂപ്പ് മത്സരങ്ങളും ജയിച്ചു ഗ്രൂപ്പ് ജേതാക്കൾ ആയ ഇറ്റലി പ്രീ ക്വാർട്ടറിൽ അധികസമയത്ത് ഓസ്ട്രിയൻ പോരാട്ടം 2-1 നു അതിജീവിച്ചു ക്വാർട്ടറിൽ ബെൽജിയത്തെ 2-1 തോൽപ്പിച്ചും ആണ് സെമിയിൽ എത്തുന്നത്. ടൂർണമെന്റിൽ കളിച്ച 5 കളികളും ജയിച്ച അസൂറിപ്പട, മാഞ്ചിനിയുടെ ആക്രമണ ഫുട്ബോൾ ആണ് കളത്തിൽ പുറത്ത് എടുക്കുന്നത്. 5 കളികളിൽ നിന്നു 11 ഗോളുകൾ അടിച്ച അവർ വെറും രണ്ടു ഗോളുകൾ ആണ് വഴങ്ങിയത്. ഉജ്ജ്വല ഫോമിലാണ് ഗോൾ കീപ്പർ ഡൊണരുമയും ഇറ്റാലിയൻ പ്രതിരോധവും. പ്രായത്തെ തോൽപ്പിച്ചു അതുഗ്രമായി കളിക്കുന്ന പരിചയസമ്പന്നരായ കെല്ലിനി, ബൊനൂച്ചി എന്നിവർ നയിക്കുന്ന ഇറ്റാലിയൻ പ്രതിരോധത്തിൽ ടൂർണമെന്റിൽ ഇത് വരെ അതുഗ്രൻ പ്രകടനം നടത്തിയ ഇടത് ബാക്ക് സ്പിനസോളയുടെ പരിക്ക് മൂലമുള്ള അസാന്നിധ്യം അവർക്ക് കടുത്ത തിരിച്ചടിയാണ്. ഇത് വരെ ഇറ്റാലിയൻ പ്രതിരോധത്തിലും മുന്നേറ്റത്തിലും ഇടത് ഭാഗത്ത് സ്പിനസോള വലിയ സാന്നിധ്യം ആയിരുന്നു. എമേർസൻ ആവും സ്പിനസോളക്ക് പകരം ടീമിൽ എത്തുക. മധ്യനിരയിൽ അസാധ്യമായി കളിക്കുന്ന ജോർജീന്യോക്ക് ഒപ്പം ഒഴിച്ചു കൂടാൻ ആവാത്ത മാർക്കോ വെറാറ്റിയും കഴിഞ്ഞ കളിയിൽ ഗോൾ കണ്ടത്തിയ നിക്കോളാസ് ബരെല്ലയും അണിനിരക്കും. പന്ത് കൈവശം വക്കാൻ ഇഷ്ടപ്പെടുന്ന സ്പാനിഷ് ടീമിന് എതിരെ ജോർജീന്യോ, വെറാറ്റി എന്നിവരുടെ പ്രകടനം നിർണായകമാണ്. മുന്നേറ്റത്തിൽ ഇറ്റലിയുടെ ഏറ്റവും വലിയ കരുത്ത് ആയ ലോറൻസോ ഇൻസിഗ്നക്ക് ഒപ്പം ചിറോ ഇമ്മോബൈലിന്റെ അനുഭവസമ്പത്തും ഫെഡറിക്കോ കിയെൽസയുടെ യുവത്വവും ഇറ്റലിക്ക് കരുത്ത് ആവും. കഴിഞ്ഞ 15 കളികളിൽ ഇറ്റലി നേടിയ 13 ഗോളുകളിൽ ഇൻസിഗ്നക്ക് നേരിട്ട് പങ്ക് ഉണ്ടായിരുന്നു എന്നതിനാൽ തന്നെ സ്പെയിന് ഏറ്റവും വലിയ തലവേദന ആവുക ഈ നാപ്പോളിയുടെ കുറിയ മനുഷ്യൻ തന്നെയാവും. കഴിഞ്ഞ 32 മത്സരങ്ങളിൽ പരാജയം അറിയാതെ വരുന്ന മാഞ്ചിനിയുടെ ഇറ്റലി തുടർച്ചയായ 13 കളികളിൽ ജയിച്ച വലിയ ആത്മവിശ്വാസവും ആയി ആവും വെമ്പ്ലിയിൽ ഇറങ്ങുക.
അതേസമയം ഗ്രൂപ്പിൽ ആദ്യ രണ്ടു മത്സരങ്ങളിൽ ഒരു ഗോൾ മാത്രം നേടി സമനില വഴങ്ങിയ ശേഷം ഗോളടിച്ചു കൂട്ടി തിരിച്ചു വന്ന സ്പെയിൻ പതുക്കെ മെച്ചമാകുന്ന കാഴ്ചയാണ് ഈ യൂറോയിൽ കണ്ടത്. 3 സെൽഫ് ഗോൾ അടക്കം 12 ഗോളുകൾ അഞ്ചു മത്സരങ്ങളിൽ നിന്നു നേടിയ സ്പെയിൻ 5 ഗോളുകൾ വഴങ്ങുകയും ചെയ്തു. ഗ്രൂപ്പിൽ സ്ലൊവാക്യക്ക് എതിരെ നേടിയ വലിയ ജയം സ്വീഡന് പിറകിൽ രണ്ടാമത് ആയി ഗ്രൂപ്പിൽ യോഗ്യത നേടി നൽകിയ സ്പെയിൻ പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യക്ക് എതിരെ അധിക സമയത്ത് നേടിയ ഗോളുകളിൽ ജയിച്ചാണ് ക്വാർട്ടറിൽ എത്തുന്നത്. തുടർന്ന് 120 മിനിറ്റ് സ്വിസ് പടയോടും കളിച്ച അവർ പെനാൽട്ടി ഷൂട്ട് ഔട്ട് ജയിച്ചാണ് ക്വാർട്ടറിൽ ജയം കണ്ടത്. ക്വാർട്ടറിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ രക്ഷകൻ ആയ ഉനയ് സൈമൺ ഗോളിൽ നിൽക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ അയ്മറിക് ലപോർട്ടക്ക് കൂട്ടായി പ്രതിരോധത്തിൽ പൗ ടോറസിന് പകരം എറിക് ഗാർസിയ വരാൻ ആണ് സാധ്യത. മുന്നേറ്റത്തിലും വലിയ പങ്ക് വഹിക്കുന്ന അസ്പിലിക്വറ്റ വലത് ബാക്ക് ആയും ജോർദി ആൽബ ഇടത് ബാക്ക് ആയും ടീമിൽ തുടരാൻ ആണ് സാധ്യത. ആദ്യ രണ്ടു മത്സരങ്ങൾക്ക് ശേഷം ടീമിൽ എത്തിയ ശേഷം സ്പെയിൻ കളി ഒന്നടങ്കം മാറ്റിയ ക്യാപ്റ്റൻ സെർജിയോ ബുസ്കറ്റ്സ്, കൊക്കെ, പെഡ്രി എന്നിവർ മധ്യനിരയിൽ തുടരും. ഇത് വരെ സ്പാനിഷ് മധ്യനിരയിൽ നിറഞ്ഞു കളിക്കുന്ന ബാഴ്സ യുവ താരം പെഡ്രി ഇറ്റലിക്ക് വലിയ തലവേദന ആവാൻ സാധ്യതയുണ്ട്. അതേസമയം മുന്നേറ്റത്തിൽ പാബ്ലോ സരാബിയക്ക് പരിക്കേറ്റത് സ്പെയിന് തിരിച്ചടിയാണ്. എങ്കിലും പകരക്കാരൻ ആയി ഇത് വരെ മികച്ച പ്രകടനം നടത്തിയ ഡാനി ഓൽമോ അത്ര മോശം പകരക്കാരൻ അല്ല സരാബിയക്ക്. ഓൽമോക്ക് ഒപ്പം ജറാഡ് മൊറെനോയും അൽവാരോ മൊറാറ്റയും ആവും സ്പാനിഷ് മുന്നേറ്റത്തിൽ ഇറങ്ങുക. വിമർശനങ്ങൾക്ക് കളത്തിൽ മറുപടി ഇതിനകം പറഞ്ഞ മൊറാറ്റയിൽ നിന്നു വലിയ പ്രകടനം തന്നെ എൻറിക്വ സെമിയിൽ പ്രതീക്ഷിക്കുന്നുണ്ട്. ലോക ഫുട്ബോളിലെ വമ്പൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ അപരാജിത സ്വപ്ന കുതിപ്പ് തുടരുന്ന മാഞ്ചിനിയുടെ ഇറ്റാലിയൻ പടയെ തടയാൻ എൻറിക്വയുടെ സ്പെയിന് ആവുമോ എന്നത് തന്നെയാണ് ചോദ്യം.