അയല്പക്കക്കാരെ നാണംകെടുത്തി നാട്ടിലേക്ക് അയച്ച് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ

Newsroom

Picsart 22 11 30 02 16 09 903
Download the Fanport app now!
Appstore Badge
Google Play Badge 1

ഖത്തർ ലോകകപ്പിൽ നിന്ന് വെയിൽസ് പുറത്ത്. ഇംഗ്ലണ്ട് ആണ് വെയിൽസിനെ നാട്ടിലേക്ക് മടക്കിയത്. രണ്ടാം പകുതിയിൽ മാർക്കസ് റാഷ്ഫോർഫ് നേടിയ രണ്ട് ഗോളുകളുടെ ബലത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ മാർക്കസ് റാഷ്ഫോർഡിനൊപ്പം മാഞ്ചസ്റ്റർ സിറ്റി താരമായ ഫിൽ ഫോഡനും ഇന്ന് ഇംഗ്ലണ്ടിനായി ഗോൾ നേടി. ഈ വിജയം ഇംഗ്ലണ്ടിനെ ഗ്രൂപ്പ് ചാമ്പ്യന്മാരും ആക്കി.

Picsart 22 11 30 02 15 29 675

ഇന്ന് ആദ്യ പകുതി മുതൽ ഇംഗ്ലണ്ട് തന്നെ ആയിരുന്നു മെച്ചപ്പെട്ട ടീം. എന്നാൽ ആദ്യ പകുതിയിൽ ഗോൾ മാത്രം വന്നില്ല. ആദ്യ പകുതിയിൽ മാർക്കസ് റാഷ്ഫോർഡ് രണ്ട് തവണ ഗോളിന് അടുത്ത് എത്തിയിരുന്നു. വാർഡ് റാഷ്ഫോർഡിന് തടസ്സമായി നിന്നു. 37ആം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ റണ്ണിൽ നിന്ന് വന്ന അവസരം ഫിൽ ഫോഡനും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

രണ്ടാം പകുതി ഇംഗ്ലണ്ട് മെച്ചപ്പെട്ട രീതിയിൽ തുടങ്ങി. 50ആം മിനുട്ടിൽ കിട്ടിയ ഫ്രീകിക്ക് ആണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ ആയത്‌. ഫ്രീകിക്ക് എടുത്ത മാർക്കസ് റാഷ്ഫോർഡ് മനോഹരമായി പന്ത് ഗോൾ വലയുടെ വലത്തേ കോർണറിൽ എത്തിച്ചു. റാഷ്ഫോർഡിന്റെ ഈ ലോകകപ്പിലെ രണ്ടാം ഗോൾ.

Picsart 22 11 30 02 15 05 746

ഈ ഗോൾ പിറന്ന് രണ്ട് മിനുട്ട് ആകും മുമ്പ് രണ്ടാം ഗോളും ഇംഗ്ലണ്ട് നേടി. വലതു വിങ്ങിൽ മാർക്കസ് റാഷ്ഫോർഡ് ഒരു ബൗൾ വിൻ ചെയ്യുകയും ആ പന്ത് കൈക്കലാക്കി ഹാരി കെയ്ൻ ഒരു നല്ല ക്രോസ് നൽകി. ഫാർ പോസ്റ്റിൽ ഓടിയെത്തി ഫിൽ ഫോഡന്റെ ഫിനിഷിൽ സ്കോർ 2-0.

Picsart 22 11 30 02 14 54 154

ഈ ഗോളിന് ശേഷം പല താരങ്ങളെയും പിൻവലിച്ചു. എന്നിട്ടും അവരുടെ അറ്റാക്കിന്റെ മൂർച്ച കുറഞ്ഞില്ല. 68ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച് റാഷ്ഫോർഡ് ഒറ്റയ്ക്ക് കുതിച്ചു. പെനാൾട്ടി ബോക്സിൽ നിന്ന് തന്റെ ലെഫ്റ്റ് ഫൂട്ടിലേക്ക് കട്ബാക്ക് ചെയ്ത് റാഷ്ഫോർഡ് തൊടുത്ത ഷോട്ട് ഗോൾ കീപ്പർ കണ്ടു പോലുമില്ല. സ്കോർ 3-0. ഇംഗ്ലണ്ടിനെ ഫുട്ബോൾ ലോകകപ്പിലെ നൂറാം ഗോളായി ഇത്.

ഈ ഗോളിന് ശേഷം ഹാട്രിക്ക് നേടാം റാഷ്ഫോർഡിന് ഒരു അവസരം ലഭിച്ചു എങ്കിലും വാർഡ് ആ അവസരം തടഞ്ഞു. റാഷ്ഫോർഡ് സബ്ബായി പുറത്തു പോകുമ്പോൾ സ്റ്റേഡിയം മുഴുവൻ അദ്ദേഹത്തിനായി എഴുന്നേറ്റ് നിന്നു കയ്യടിച്ചിരുന്നു.

ഈ വിജയത്തൊടെ ഇംഗ്ലണ്ട് 7 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു. വെയിൽസിന് 1 പോയിന്റ് മാത്രമെ ഉള്ളൂ‌. ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ സെനഗലിനെ ആകും നേരിടുക.