വീണ്ടുമൊരു ത്രില്ലർ , ആതിഥേയരെ മുട്ടുകുത്തിച്ചു ഒരു വിക്കറ്റ് വിജയം നേടി ഇംഗ്ലണ്ട്

വനിത ഏകദിന ലോകകപ്പിൽ വീണ്ടുമൊരു ത്രില്ലര്‍ മത്സരം. ഇത്തവണ ഇംഗ്ലണ്ടും ന്യൂസിലാണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഒരു വിക്കറ്റ് വിജയം ആണ് ഇംഗ്ലണ്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനെ 203 റൺസിന് ഓള്‍ഔട്ട് ആക്കിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 176/4 എന്ന നിലയിൽ വിജയത്തിലേക്ക് നീങ്ങുന്നതിനിടെ ന്യൂസിലാണ്ട് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

Nzwomennewzealand

176/4 എന്ന നിലയിൽ നിന്ന് 196/9 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ട് 47.2 ഓവറിൽ വിജയം നേടുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഇംഗ്ലണ്ട് നേടിയത്. 7 റൺസ് നേടിയ അന്യ ഷ്രുബ്സോള്‍ ആണ് ഇംഗ്ലണ്ടിന്റെ വിജയ റൺസ് നേടിയത്.

നത്താലി സ്കിവര്‍ 61 റൺസും ഹീത്തര്‍ നൈറ്റ് 42 റൺസും സോഫിയ ഡങ്ക്ലി 33 റൺസും നേടി ഇംഗ്ലണ്ടിനായി തിളങ്ങി. 4 വിക്കറ്റ് നേടിയ ഫ്രാന്‍സസ് മക്കേ ന്യൂസിലാണ്ടിനായി തിളങ്ങി.

നേരത്തെ കേറ്റ് ക്രോസ്സും സോഫി എക്ലെസ്റ്റോണും മൂന്ന് വീതം വിക്കറ്റ് നേടിയാണ് ന്യൂസിലാണ്ടിനെ 203 റൺസിനൊതുക്കിയത്. മാഡി ഗ്രീന്‍ 52 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സോഫി ഡിവൈന്‍ 41 റൺസും ആമി സാത്തെര്‍ത്ത്വൈറ്റും(24), അമേലിയ കെര്‍(24), സോഫി ബെയ്റ്റ്സ്(22) എന്നിവരാണ് ന്യൂസിലാണ്ടിനായി റൺസ് കണ്ടെത്തിയ താരങ്ങള്‍.