ആദ്യ എൽ ക്ലാസികോ ബാഴ്സലോണക്ക് സ്വന്തം, റയലിനെ ഏക ഗോളിന് പരാജയപ്പെടുത്തി

Img 20220724 105603

പ്രീ സീസണിലെ എൽ ക്ലാസിക്കോക് വേദിയായ ലാസ് വെഗാസിൽ അവസാന ചിരി ബാഴ്‌സലോണയുടെത്. റയൽ മാഡ്രിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച ബാഴ്‌സലോണ പ്രീ സീസണിലെ മികച്ച പ്രകടനം തുടരുന്നു. ആദ്യ മത്സരത്തിന് ഇറങ്ങിയ റയൽ മാഡ്രിഡിന് ഒരിക്കൽ പോലും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാൻ കഴിഞ്ഞില്ല. പ്രതീക്ഷിച്ചതിൽ നിന്നും വിഭിന്നമായി ബെൻസിമ റയൽ മാഡ്രിഡ് ടീമിൽ ഇടം പിടിക്കാതെ ഇരുന്നത് മുന്നേറ്റ നിരയിൽ പ്രകടമായി.

നേരത്തെ റോബർട് ലെവെന്റോവ്സ്കി, റൂഡിഗർ, ചൗമേനി എന്നിവർ ആദ്യമായി സ്വന്തം ടീമിന്റെ ജേഴ്‌സയിൽ അവതരിച്ചു. ആദ്യം താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ലെവെന്റോവ്സ്കി പിന്നീട് വലങ്കാലൻ ഷോട്ടുമായി കുർട്ടോയെ പരീക്ഷിച്ചു. വലത് ബാക് സ്ഥാനത്ത് എത്തിയ റൂഡിഗർ പലപ്പോഴും അപകടകാരിയായ റാഫിഞ്ഞയെ മെരുക്കുന്നതിൽ വിജയിച്ചു. പതിഞ്ഞ താളത്തിൽ തുടങ്ങിയ മത്സരം പിന്നീട് എൽ ക്ലാസിക്കോ നിലവരത്തിലേക് ഉയർന്നു. ആദ്യ പകുതിയുടെ അവസാനം കയ്യാങ്കളിയിലേക്ക് വരെ മത്സരം എത്തി.
20220724 105446
റയൽ പിൻനിരക്ക് മുകളിൽ കനത്ത സമ്മർദ്ദം ചെലുത്തിയ ബാഴ്‌സയുടെ നീക്കങ്ങൾ വിജയം കണ്ടത് റാഫിഞ്ഞയുടെ ഗോളിലൂടെയാണ്. ബാഴ്‌സ താരങ്ങൾ കൂട്ടമായി പൊതിഞ്ഞപ്പോൾ മിലിട്ടാവോയുടെ കാലുകളിൽ നിന്നും നഷ്ടമായ ബോൾ റാഫിഞ്ഞയുടെ പക്കലേക്ക് എത്തി. ബോക്സിന് പുറത്തു നിന്നും താരം തൊടുത്ത ഷോട്ട് കുർട്ടോ മുഴുനീള ഡൈവിങ് നടത്തിയിട്ടും തടയാൻ ആയില്ല. നേരത്തെ വാൽവെർഡെ തൊടുത്ത ലോങ് റേഞ്ചർ ബാഴ്‌സയുടെ പോസ്റ്റിൽ തട്ടി തെറിച്ചിരുന്നു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും നിരവധി മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. റയൽ അക്രമണത്തിന് കൂടുതൽ മൂർച്ച വന്നു. എങ്കിലും പോസ്റ്റിലേക്ക് ഷോട്ട് തൊടുക്കാൻ അപ്പോഴും റയലിന് കഴിഞ്ഞില്ല. മികച്ച ഒരു ബിൽഡപ്പോടെ വലത് വശത്തും നിന്ന് വന്ന മുന്നേറ്റം അസെൻസിയോക്ക് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. അവസാന നിമിഷങ്ങളിൽ പോസ്റ്റിൽ മുന്നിൽ നിന്നും കിട്ടിയ ഹെഡർ ചാൻസ് മാരിയനോയും പുറത്തേക്ക് കളഞ്ഞതോടെ റയൽ തോൽവി ഉറപ്പിച്ചു. മികച്ച ഒരു മുന്നേറ്റത്തിന് ഒടുവിൽ കീപ്പറുടെ കൈകളിലേക്ക് ബോൾ എത്തിച്ച് ലീഡ് ഉയർത്താനുള്ള അവസരം കെസ്സി നഷ്ടപ്പെടുത്തി. പതിവ് പോലെ കുർട്ടോയുടെ സേവുകൾ പലപ്പോഴും റയലിന്റെ രക്ഷക്കെത്തി.

ആദ്യ മത്സരം ആണെങ്കിലും മുൻ നിരയിൽ പുതിയ താരങ്ങളെ എത്തിക്കാതെയുള്ള റയലിന്റെ ഒരുക്കങ്ങൾ ഒരു പക്ഷെ ചോദ്യം ചെയ്യപ്പെട്ടേക്കാം. ആദ്യ പകുതിയിൽ മുൻ നിരയിൽ ഹാസർഡ് ഇറങ്ങിയെങ്കിലും ബെൻസിമയുടെ അഭാവം റയൽ അനുഭവിക്കുന്നുണ്ടായിരുന്നു.