ലോകകപ്പിലേക്ക് ഇറ്റലി എത്തുമോ? ചിലി എത്തുമോ എന്നുള്ള ചോദ്യങ്ങൾക്ക് ഒക്കെ അവസാനം. ഇക്വഡോറിന് എതിരായ പരാതി ഫിഫ തള്ളിയിരിക്കുകയാണ്. ഇതോടെ ഖത്തർ ലോകകപ്പിൽ ഇക്വഡോർ തന്നെ കളിക്കും എന്ന് ഉറപ്പായി. ഇക്വഡോർ ലോകകപ്പ് യോഗ്യത നേടി എങ്കിലും അവരുടെ ഒരു താരത്തെ അനധികൃതമായാണ് ഇക്വഡോർ കളിപ്പിച്ചത് എന്ന ചിലിയുടെ പരാതി ആയിരുന്നു പ്രശ്നമായി നിന്നത്.
ഇക്വഡോറിലാണ് ജനിച്ചതെന്ന് വരുത്തിത്തീർക്കാൻ ഇക്വഡോർ താരം ബൈറൺ കാസ്റ്റിലോ എന്ന കളിക്കാരന്റെ ജനന സർട്ടിഫിക്കറ്റിലും പാസ്‌പോർട്ടിലും കൃത്രിമം കാട്ടിയെന്നായിരുന്നു പരാതി. കാസ്റ്റില്ലോ യഥാർത്ഥത്തിൽ കൊളംബിയയിലാണ് ജനിച്ചതെന്നും ഇക്വഡോർ പൗരത്വത്തിന് അവകാശമില്ലെന്നും ചിലി പറഞ്ഞു. ഫിഫ ഈ പരാതിയിൽ ഇന്ന് അന്തിമ വിധി പറഞ്ഞതോടെ ചിലിയുടെയും ഇറ്റലിയുടെയുമൊക്കെ ആ കുഞ്ഞു പ്രതീക്ഷയും അവസാനിച്ചു.
ആതിഥേയരായ ഖത്തർ, നെതർലൻഡ്‌സ്, സെനഗൽ എന്നിവരുള്ള ഗ്രൂപ്പ് എയിലാണ് ഇക്വഡോർ ലോകകപ്പിൽ ഉള്ളത്.