പാകിസ്ഥാൻ ഓൾ റൗണ്ടർ മുഹമ്മദ് ഹഫീസിന് ബൗളിങ്ങിൽ വിലക്ക് ഏർപ്പെടുത്തി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. താരത്തിന്റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതോടെയാണ് താരത്തെ വിലക്കാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ മിഡിൽസെക്സിന്റെ താരമാണ് മുഹമ്മദ് ഹഫീസ്. ഇതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നടത്തുന്ന ഒരു മത്സരത്തിലും താരത്തിന് പങ്കെടുക്കാനാവില്ല.
കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ടി20 ബ്ലാസ്റ്റ് മത്സരത്തിനിടെയാണ് താരത്തിന്റെ ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് സ്വന്തന്ത്ര സമിതി താരത്തിന്റെ ബൗളിംഗ് പരിശോധിക്കുകയും താരത്തിന്റെ കൈ അനുവദിച്ചിട്ടുള്ള 15 ഡിഗ്രിയെയെക്കാൾ വളയുന്നുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതോടെയാണ് താരത്തിന് വിലക്ക് ഏർപ്പെടുത്താൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.
2019 ലോകകപ്പിൽ പാകിസ്ഥാൻ ടീമിൽ കളിച്ചിട്ടുള്ള താരമാണ് മുഹമ്മദ് ഹഫീസ്. പാകിസ്ഥാന് വേണ്ടി താരം 218 ഏകദിന മത്സരങ്ങളും 89 ടി20 മത്സരങ്ങളും 55 ടെസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.