കൊറൊണ കാരണം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വലിയ ഒരു നഷ്ടം കൂടെ നേരിടേണ്ടി വരും. യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്ത്യയിലേക്ക് വരാനുള്ള പദ്ധതികൾ ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. ഇന്ത്യൻ ഇതിഹാസ ക്ലബായ ഈസ്റ്റ് ബംഗാളുമായി സൗഹൃദ മത്സരം കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ജൂലൈയിൽ എത്തേണ്ടതായിരുന്നു. എന്നാൽ കൊറോണ കാരണം ഫുട്ബോൾ സാഹചര്യങ്ങൾ മാറിയതോടെ യുണൈറ്റഡ് ഇന്ത്യം യാത്ര ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് നിൽക്കുന്നത്.
ഇന്ത്യൻ യാത്ര മാത്രമല്ല പ്രീസീസൺ തന്നെ ഇംഗ്ലണ്ടിൽ ചിലവഴിക്കാൻ ആണ് യുണൈറ്റഡ് ഉൾപ്പെടെയുള്ള ഇംഗ്ലീഷ് ക്ലബുകൾ എല്ലാം ആലോചിക്കുന്നത്.
ഈ വർഷത്തെ പ്രീസീസൺ ടൂറിനിടെ ഇന്ത്യയിൽ വരാൻ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനം. ജൂലൈയിൽ കളിക്കാൻ തയ്യാറാണെന്ന് കാണിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ്റ്റ് ബംഗാളിന് ഔദ്യോഗികമായി കത്ത് വരെ നൽകിയതായിരുന്നു.
ഈ വർഷം ജൂലൈ 26ന് സാൾട്ട് ലേക് സ്റ്റേഡിയം ആകും ഈ വൻ മത്സരത്തിന് വേദിയാകും എന്നും ഉറപ്പിച്ചിരുന്നു. പക്ഷെ കൊറോണ കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യത്തെ ഇന്ത്യൻ സന്ദർശനം ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.