ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത മികച്ച സ്കോര്‍ നേടി ഇന്ത്യ എ. 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 327 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 169/5 എന്ന നിലയിലേക്ക് വീണ ടീമിനെ ശിവം ഡുബേ-അക്സര്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് 300നു മുകളിലേക്കുള്ള സ്കോറിലേക്ക് നയിച്ചത്. നേരത്തെ 47 ഓവറായി മത്സരം ചുരുക്കിയിരുന്നു.
ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും റുതുരാജ് സിംഗും 54 റണ്‍സ് നേടിയെങ്കിലും റുതുരാജ് 10 റണ്‍സ് മാത്രമാണ് നേടിയത്.
തുടര്‍ന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്കെല്ലാം മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോറിലേക്ക് നയിക്കുവാന്‍ ടീമിനാകാതെ വന്നപ്പോള്‍ ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകള്‍ വീണു. 169/5 എന്ന നിലയിലേക്ക് വീണ ശേഷം ശിവും ഡുബേയും അക്സര്‍ പട്ടേലും ചേര്‍ന്നാണ് ഇന്ത്യയെ 47 ഓവറില്‍ 327 എന്ന സ്കോറിലേക്ക് നയിച്ചത്.
ശിവം ഡുബേ 79 റണ്‍സും അക്സര്‍ പട്ടേല്‍ 60 റണ്‍സും നേടി പുറത്താകാതെ നിന്നപ്പോള്‍ ശുഭ്മന്‍ ഗില്‍(46), മനീഷ് പാണ്ടേ(39), ഇഷാന്‍ കിഷന്‍(37), അന്മോല്‍പ്രീത് സിംഗ്(29) എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. ഏഴാം വിക്കറ്റില്‍ 101 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 6 സിക്സും 3 ഫോറും ഉള്‍പ്പെടെ 79 റണ്‍സാണ് ശിവം ഡുബേ 60 പന്തില്‍ നിന്ന് നേടിയത്. അതേ സമയം 36 പന്തില്‍ നിന്നാണ് അക്സര്‍ പട്ടേല്‍ തന്റെ 60 റണ്‍സ് നേടിയത്. 6 ഫോറും 3 സിക്സും താരം നേടി.
ദക്ഷിണാഫ്രിക്കയ്ക്കായി ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, ജോണ്‍ ഫാര്‍ടുയിന്‍ എന്നിവര്‍ രണ്ടും ആന്‍റിച്ച് നോര്‍ട്ജേ, ജൂനിയര്‍ ഡാല എന്നിവര്‍ ഓരോ വിക്കറ്റും നേടി.