ഇറ്റാലിയൻ സീരി എയിൽ അവസാന നിമിഷങ്ങളിൽ ഏതൊരു നാടകത്തെയും തോൽപ്പിക്കുന്ന വിധം നാടകീയമായി യുവന്റസ്, സലെർനിറ്റാന മത്സരം. മോശം റഫറി തീരുമാനങ്ങളും ആവേശകരമായ അന്ത്യവും ആണ് മത്സരത്തിൽ കാണാൻ ആയത്. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി പിരിഞ്ഞ മത്സരത്തിൽ യുവന്റസ് ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പിറകിൽ ആയിരുന്നു. പന്ത് കൈവശം വക്കുന്നതിൽ യുവന്റസ് മുൻതൂക്കം കണ്ട മത്സരത്തിൽ 18 മത്തെ മിനിറ്റിൽ പാസ്ക്വൽ മസോചിയുടെ പാസിൽ നിന്നു അന്റോണിയോ കാണ്ടറെവ സലെർനിറ്റാനക്ക് ആദ്യ ഗോൾ സമ്മാനിച്ചു. ക്ലബിന് ആയുള്ള താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്.
ആദ്യ പകുതിക്ക് തൊട്ട് മുമ്പ് ബ്രമറുടെ ഹാന്റ് ബോളിന് വാർ പെനാൽട്ടി അനുവദിച്ചതോടെ യുവന്റസ് വീണ്ടും പരുങ്ങി. അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട ക്രിസ്റ്റോഫ് പിയറ്റക് സലെർനിറ്റാനക്ക് രണ്ടാം ഗോളും സമ്മാനിച്ചു. ഹാന്റ് ബോളിന് ബ്രമറിന് മഞ്ഞ കാർഡും ലഭിച്ചു. രണ്ടാം പകുതിയിൽ തന്റെ പിഴവിന് പരിഹാരമായി കോസ്റ്റിചിന്റെ ക്രോസിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെ ഗോൾ നേടിയ ബ്രമർ യുവന്റസിന് ആയി ഒരു ഗോൾ മടക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വിവരിക്കാൻ ആവാത്ത വിധം നാടകീയ രംഗങ്ങൾ ആണ് അരങ്ങേറിയത്. 83 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അരക് മിലിക് മഞ്ഞ കാർഡ് മേടിച്ചു.
ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ ആ
സാന്ത്രോയെ വീഴ്ത്തിയതിനു യുവന്റസിന് അനുകൂലമായി പെനാൽട്ടി ലഭിച്ചു. ലിയനാർഡോ ബൊനൂച്ചിയുടെ പെനാൽട്ടി സലെർനിറ്റാന ഗോൾ കീപ്പർ ലുയിഗി സെപെ തടഞ്ഞിട്ടു. എന്നാൽ മടങ്ങി വന്ന പന്ത് ലക്ഷ്യത്തിൽ എത്തിച്ച ബൊനൂച്ചി 93 മത്തെ മിനിറ്റിൽ യുവന്റസിന് സമനില ഗോൾ സമ്മാനിച്ചു. തൊട്ടടുത്ത നിമിഷം കോർണറിൽ നിന്നു അതുഗ്രൻ ഹെഡറിലൂടെ ലക്ഷ്യം കണ്ട മിലിക് യുവന്റസിന് വിജയഗോൾ സമ്മാനിച്ചത് ആയി തോന്നി. ഗോൾ നേടിയ ആവേശത്തിൽ അതിനകം മഞ്ഞ കാർഡ് മേടിച്ചത് മറന്നു ജെഴ്‌സി ഊരി ആഘോഷിച്ച മിലികിന് റഫറി രണ്ടാം മഞ്ഞ കാർഡും തുടർന്ന് ചുവപ്പ് കാർഡും റഫറി നൽകി.
എന്നാൽ ഗോളിന് എതിരെ സലെർനിറ്റാന താരങ്ങൾ പ്രതിഷേധിച്ചതോടെ ഇരു ടീമുകളും തമ്മിൽ കയ്യേറ്റം ഉണ്ടായി. തുടർന്ന് വാർ ആവശ്യപ്പെട്ട പ്രകാരം പരിശോധന നടത്തിയ റഫറി ഗോൾ ഓഫ് സൈഡ് ആണെന്ന് വിളിക്കുക ആയിരുന്നു. മിലികിന്റെ ഹെഡറിന് ശേഷം ഓഫ് സൈഡിൽ ആയിരുന്ന ബൊനൂച്ചിയുടെ തലയിൽ തട്ടിയാണ് പന്ത് ഗോൾ ആയത് എന്നു പരിശോധനയിൽ മനസ്സിലായി. തുടർന്ന് പരസ്പരം കയ്യേറ്റം ചെയ്ത സലെർനിറ്റാന താരം ഫെഡറികോ ഫാസിയോ, യുവന്റസ് താരം യുവന്റസ് താരം യുവാൻ ക്വഡ്രാഡോ എന്നിവർക്ക് റഫറി ചുവപ്പ് കാർഡ് നൽകി. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച യുവന്റസ് പരിശീലകൻ അല്ലഗ്രിനിയും അവസാന നിമിഷം ചുവപ്പ് കാർഡ് വാങ്ങി. നിലവിൽ ലീഗിൽ എട്ടാം സ്ഥാനത്ത് ആണ് യുവന്റസ്.