പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമെങ്കില്‍ കേരള ടീം ക്യാപ്റ്റന്‍ സച്ചിന് ബേബിയ്ക്കെതിരെ പാളയത്തില്‍ പടയെന്ന് സൂചന. സ്പോര്‍ട്സ് മാസികയായ സ്പോര്‍ട്സ് സ്റ്റാറിന്റെ ഭാഷ്യം പ്രകാരം സച്ചിന് ബേബിയുടെ നേതൃത്വത്തില്‍ അസന്തുഷ്ഠരായ 13 താരങ്ങള്‍ കേരള ക്രിക്കറ്റ് അസോസ്സിയേഷനു പുതിയ ക്യാപ്റ്റനെ കണ്ടെത്തണമെന്ന തരത്തില്‍ ഒരു കത്ത് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. കത്തില്‍ 15 താരങ്ങളുടെ പേരുകളുണ്ടെങ്കിലും 13 താരങ്ങളാണ് ഇതില്‍ ഒപ്പുവെച്ചിട്ടുള്ളതെന്നാണ് സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സച്ചിന് ബേബി ഏകാധിപതിയുടെ നയമാണ് ടീമിലെ അംഗങ്ങളോട് വെച്ചുപുലര്‍ത്തുന്നതെന്നാണ് കത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തുകയും ക്വാര്‍ട്ടറില്‍ വിദര്‍ഭയോട് പരാജയപ്പെട്ട് പറുത്താകുകയും ചെയ്ത കേരളത്തിന്റെ രഞ്ജിയിലെ ഏറ്റവും മികച്ച പ്രകടന സമയത്ത് ടീമിനെ നയിച്ച താരത്തിനെതിരെ ഇത്തരത്തിലൊരു നടപടി ടീമില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇത് കേരളത്തിന്റെ രഞ്ജി പ്രകടനത്തെയും ഏറെ ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. പുതിയ സീസണില്‍ ഏറെ പ്രതീക്ഷയോടെ എത്തുന്ന കേരളത്തിനു ഇത്തരത്തില്‍ ടീമിനുള്ളിലെ ചേര്‍ച്ചയില്ലായ്മ തിരിച്ചടിയാകുവാനുള്ള സാധ്യത ഏറെയാണ്. വിജയങ്ങളുടെ ഖ്യാതി സ്വയം ഏറ്റെടുക്കുകയും പരാജയങ്ങള്‍ മറ്റു താരങ്ങളിലേക്ക് അടിച്ചേല്പിക്കുകയും ചെയ്യുകയാണ് സച്ചിന് ബേബി എന്നാണ് കത്തില്‍ ആരോപിക്കുന്നതായി സ്പോര്‍ട്സ് സ്റ്റാര്‍ വ്യക്തമാക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial