ഇന്ത്യയുടെ ആദ്യ ലീഗ് മത്സരങ്ങളില്‍ അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങിയ മിത്താലി രാജിനെയാണ് ഇന്ന് ഇന്ത്യ പുറത്തിരുത്തി സെമിയില്‍ കളിക്കാനിറങ്ങിയത്. അതിന്റെ ഫലമെന്ന് പറയാനാകില്ലെങ്കിലും ഇന്ത്യ ഇംഗ്ലണ്ടിനോട് കീഴടങ്ങി സെമിയില്‍ പുറത്താകുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ മിത്താലി ബാറ്റഅ ചെയ്യാനിറങ്ങിയിരുന്നില്ല. രണ്ടാം മത്സരത്തിലാകട്ടെ 56 റണ്‍സുമായി പാക്കിസ്ഥാനെതിരെ കളിയിലെ താരമായി മുന്‍ ഇന്ത്യന്‍ നായിക മാറിയിരുന്നു.
അയര്‍ലണ്ടിനെതിരെയും അര്‍ദ്ധ ശതകവും കളിയിലെ താരവുമായി മിത്താലി മാറിയെങ്കിലും ഓസ്ട്രേലിയയ്ക്കെതിെര ഇന്ത്യ താരത്തിനു വിശ്രമം നല്‍കി. നേരത്തെ തന്നെ സെമിയില്‍ കടന്ന ഇന്ത്യ സീനിയര്‍ താരത്തിനു വിശ്രമം നല്‍കുകയായിരുന്നുവെന്നതില്‍ ആര്‍ക്കും അതിശയം തോന്നിയില്ല. എന്നാല്‍ ഏവരെയും ഞെട്ടിച്ചത് സെമിയില്‍ ഇന്ത്യ മിത്താലി രാജിനെ പുറത്തിരുത്തിയപ്പോളാണ്. രണ്ട് അര്‍ദ്ധ ശതകങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ നേടിയ താരത്തെയാണ് നിര്‍ണ്ണായകമായ മത്സരത്തില്‍ രോമേഷ് പവാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മാനേജ്മെന്റ് പുറത്തിരുത്തിയത്.
മിത്താലിയുടെ സ്കോറിംഗ് വേഗതയില്ലായ്മയ്ക്കൊപ്പം തന്നെ പകരക്കാരിയായി എത്തിയ അനൂജ പാട്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെ പുറത്തെടുത്ത ബൗളിംഗ് പ്രകടനമാണ് താരത്തെ ഇംഗ്ലണ്ടിനെതിരെ കളിപ്പിക്കുവാന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചതെന്ന് ഉറപ്പ്. അന്ന് മൂന്ന് വിക്കറ്റാണ് അനൂജ നേടിയത്. ഓള്‍റൗണ്ടര്‍ കൂടിയായ അനൂജയെ മധ്യനിരയില്‍ കളിപ്പിക്കുക വഴി ഒരു ബൗളിംഗ് ഓള്‍റൗണ്ടറെ ടീമില്‍ എത്തിച്ച് ബാറ്റിംഗിനെ ശക്തിപ്പെടുത്താമെന്നും ഇന്ത്യന്‍ ടീം മാനേജ്മെന്റ് കരുതിക്കാണും.
ഹര്‍മ്മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയുമൊന്നും നേടുന്ന വേഗത്തില്‍ മിത്താലി റണ്‍സ് കണ്ടെത്തുന്നില്ലെങ്കിലും ഇന്ന് ഇന്ത്യ 89/2 എന്ന നിലയില്‍ നിന്ന് 112നു ഓള്‍ഔട്ട് ആവുന്ന സാഹചര്യത്തില്‍ ഇത്രയും അധികം അനുഭവസമ്പത്തുള്ള ഒരു താരം മധ്യനിരയിലോ അല്ലെങ്കില്‍ ടോപ് ഓര്‍ഡറിലോ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യ 20 റണ്‍സ് അധികം നേടിയിരുന്നിക്കാം അല്ലെങ്കില്‍ ഓള്‍ഔട്ട് ആവാതിരുന്നിരിക്കാം. ഈ പറഞ്ഞ കാര്യങ്ങള്‍ സംഭവിച്ചാലും ഇംഗ്ലണ്ട് ഇന്ന് കളിച്ച രീതിയില്‍ ഇന്ത്യയ്ക്ക് അവരെ പരാജയപ്പെടുത്തുവാനാകുമെന്ന് പറയുന്നില്ലെങ്കിലും 112 റണ്‍സിനു സൃഷ്ടിക്കാവുന്ന സമ്മര്‍ദ്ദത്തെക്കാള്‍ അധികം 130 റണ്‍സിനു സൃഷ്ടിക്കാനാകുമെന്നത് ഇന്ത്യയ്ക്ക് പൊരുതുവാനുള്ള അവസരം നല്‍കുമായിരുന്നുവെന്ന പ്രതീക്ഷ പുലര്‍ത്താമായിരുന്നു.
തന്റെ രണ്ട് അര്‍ദ്ധ ശതകങ്ങളിലും മിത്താലി അത്ര വേഗത്തിലായിരുന്നില്ല സ്കോര്‍ ചെയ്തത്. 50 പന്തില്‍ ശതകം നേടുന്ന താരങ്ങള്‍ ഇന്ത്യന്‍ ടി20 നിരയിലുള്ളപ്പോള്‍ മിത്താലിയുടെ പ്രകടനം ടി20 നിലവാരത്തില്‍ താഴ്ന്നതായിരുന്നിരിക്കാം. 47 പന്തില്‍ നിന്നാണ് പാക്കിസ്ഥാനെതിരെ മിത്താലി തന്റെ 56 റണ്‍സ് നേടിയത്. അയര്‍ലണ്ടിനെതിരെ 51 റണ്‍സ് നേടാന്‍ 56 പന്തുകള്‍ താരം നേരിട്ടു. എന്നാല്‍ ആ രണ്ട് മത്സരങ്ങളിലും കളിയിലെ താരമായി മിത്താലി തിരഞ്ഞെടുത്തപ്പോള്‍ ആ പ്രകടനങ്ങളുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്.
ടോസിന്റെ സമയത്ത് ഹര്‍മ്മന്‍പ്രീത് കൗര്‍ പറഞ്ഞത് മിത്താലിയെ ഒഴിവാക്കിയത് പരിക്ക് മൂലമല്ലെന്നും ടീമിന്റെ വിജയ കോമ്പിനേഷനു വേണ്ടിയാണെന്നുമാണ്. ഓസ്ട്രേലിയയെ 48 റണ്‍സിനു കീഴടക്കിയ ആ ടീമിനെ മാറ്റി പരീക്ഷിക്കേണ്ടതില്ലെന്ന് ടീം മാനേജ്മെന്റ് തീരുമാനിച്ചതിനെ കുറ്റം പറയാനാകില്ലെങ്കിലും ഇന്നത്തെ ടീമിന്റെ പ്രകടനം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തും. ഫലം പ്രതികൂലമാകുമ്പോള്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഇവര്‍ ഉത്തരം നല്‍കേണ്ടതുമായുണ്ട്.
പേരും പെരുമയുമുള്ള താരങ്ങളെ പേടിച്ച് മോശം കാലത്തിലും പിന്താങ്ങുന്ന കീഴ്‍വഴക്കം മാറുന്നത് ഏറെ നല്ലതാണ്. മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ടീമിനു പുറത്താകുമെന്ന സൂചന വ്യക്തമായി നല്‍കുന്നതും ടീമിനു നീണ്ട കാലത്തില്‍ ഗുണകരമായി മാറിയേക്കാം എന്നാല്‍ സെമി പോലൊരു നിര്‍ണ്ണായകമായ മത്സരത്തില്‍ ഇന്ത്യയുടെ വനിത സച്ചിനെ പുറത്തിരുത്തിയ തീരുമാനത്തില്‍ രോമേഷ് പവാറിന്റെ തലയുരുണ്ടാല്‍ അത്ഭുതപ്പെടുവാനില്ല.