ഇന്ത്യക്കായി ലോകകപ്പ് 2019ന് ശേഷം എംഎസ് ധോണി കളിച്ചിട്ടില്ലെങ്കിലും ഇന്ത്യുടെ ടി20 ലോകകപ്പ് ടീമില്‍ താരത്തിന് ഇടം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് കൈഫ്. ധോണിയുടെ കാലം കഴിഞ്ഞുവെന്നും താരത്തിന് ഇനിയൊരു തിരിച്ചുവരവില്ലെന്നും മറ്റു നിരീക്ഷകര്‍ പറയുമ്പോളാണ് കൈഫിന്റെ ഈ അഭിപ്രായം.
ടീമിനെ സമ്മര്‍ദ്ദത്തില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ചുയര്‍ത്തുവാന്‍ ശേഷിയുള്ള താരമാണ് എംഎസ് ധോണി. ലോകം കണ്ട മികച്ച ഫിനിഷര്‍മാരിലൊരാളായ ധോണിയെ ടീമിലെത്തിച്ചാല്‍ അത് ഇന്ത്യയ്ക്ക് ലോകകപ്പില്‍ ഗുണം ചെയ്യുമെന്ന് കൈഫ് വ്യക്തമാക്കി. ഐപിഎലിലൂടെ ധോണിയുടെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവുണ്ടാകുമെന്ന് കരുതിയെങ്കിലും കൊറോണ മൂലം ടൂര്‍ണ്ണമെന്റ് നീളുകയാണ്.
ഐപിഎലിലെ പ്രകടനത്തിന്റെ ബലത്തില്‍ മാത്രമാവരുത് ധോണിയുടെ ടി20 ടീമിലേക്കുള്ള സെലക്ഷനെന്ന് കൈഫ് പറഞ്ഞു. ഒറ്റയ്ക്ക് ടീമിനെ കരകയറ്റുവാനുള്ള ശേഷിയുള്ള താരമാണ് ധോണിയെന്ന് കൈഫ് സൂചിപ്പിച്ചു. ധോണിയെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും കരിയറില്‍ മോശം സമയമുണ്ടെന്ന് കൈഫ് അഭിപ്രായപ്പെട്ടു.
ധോണിയില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്നും അതിനാല്‍ തന്നെ താരത്തെ ഒഴിവാക്കിയാല്‍ അത് അനീതിയാണെന്ന് താന്‍ പറയുമന്നും കൈഫ് സൂചിപ്പിച്ചു.