ലയണൽ മെസ്സി ക്ലബ് വിട്ട ശേഷമുള്ള രണ്ടാം മത്സരത്തിൽ ബാഴ്സലോണക്ക് കാലിടറിയി. ഇന്ന് ലാലിഗയിൽ അത്ലറ്റിക് ബിൽബാവോയെ നേരിട്ട ബാഴ്സലോണ സമനിലയുമായി മടങ്ങിയിരിക്കുകയാണ്. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ബാഴ്സലോണക്ക് മേൽ ആധിപത്യം പുലർത്തുന്ന പ്രകടനവുമായാണ് അത്ലറ്റിക് ഇന്ന് സമനില നേടിയത്. ആദ്യ പകുതിയിൽ തന്നെ മികച്ച അവസരങ്ങൾ അത്ലറ്റിക്കിന് ലഭിച്ചു. പക്ഷെ ലക്ഷ്യം കാണാൻ ആയില്ല.
അത്ലറ്റിക് ബിൽബാവോയുടെ പ്രസിംഗ് ഫുട്ബോളിന് മുന്നിൽ ബാഴ്സലോണ പതറുന്നതാണ് കണ്ടത്. ആദ്യ പകുതിയിൽ പരിക്ക് കാരണം പികെ കളം വിടേണ്ടി വന്നതും ബാഴ്സലോണക്ക് പ്രശ്നമായി. രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ഇനിഗോ മാർട്ടിനെസ് ആണ് അത്ലറ്റിക് ക്ലബിന് ലീഡ് നൽകിയത്. ഒരു കോർണറിൽ നിന്നായിരുന്നു ഇനിഗോയുടെ ഗോൾ. ഈ ഗോളിന് മറുപടി നൽകാനായി സബ്ബൊക്കെ ഇറക്കി കോമാൻ ശ്രമിച്ചു.
75ആം മിനുട്ടിൽ ഡിപായ് ബാഴ്സലോണക്ക് സമനില നൽകി. സെർജി റൊബേർടോ ഉയർത്തി നൽകിയ പന്ത് മനോഹരമായി കൈക്കലാക്കി ആയിരുന്നു ഡിപായുടെ ഗോൾ. താരത്തിന്റെ ബാഴ്സലോണ കരിയറിലെ ആദ്യ ഗോളാണ് ഇത്. ഇതിനു ശേഷം വിജയ ഗോളിനായി ബാഴ്സലോണ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. അവസാന നിമിഷം ബാഴ്സലോണ താരം ഗാർസിയക്ക് ചുവപ്പു കാർഡും ലഭിച്ചു.