ഡെന്മാർക്ക് സ്വപ്ന ലോകത്ത്!! റഷ്യയെ തകർത്തെറിഞ്ഞ് പ്രീക്വാർട്ടറിൽ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡെന്മാർക്ക് ഇൻ ഡ്രീം ലാൻഡ്!! അതായിരുന്നു കമന്റേന്റർ ഡെന്മാർക്കിന്റെ നാലാം ഗോൾ പിറന്നപ്പോൾ പറഞ്ഞ വാക്കുകൾ. അതാണ് സത്യം!! ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടിട്ടും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രാത്രിയിൽ എല്ലാം തങ്ങളുടേതാക്കി മാറ്റിയിരിക്കുകയാണ് ഡെന്മാർക്ക്. ഇന്ന് നിർണായക വിജയം നേടിക്കൊണ്ട് ഡെന്മാർക്ക് പ്രീക്വാട്ടറിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ്. റഷ്യയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു കൊണ്ടാണ് ഡെന്മാർക്ക് അവരുടെ ലക്ഷ്യത്തിലേക്ക് എത്തിയത്. എറിക്സൺ ഗ്രൗണ്ടിൽ കുഴഞ്ഞു വീണതും അതുമായി ഡെന്മാർക്ക് താരങ്ങളും ആരാധകരും അനുഭവിച്ച മാനസിക പ്രശ്നങ്ങൾക്കും ഒക്കെ വലിയ ആശ്വാസമാകും ഇന്നത്തെ ഡെന്മാർക്കിന്റെ റിസൾട്ട്.

ഇന്ന് ഒരു സമനില കിട്ടിയാൽ തന്നെ പ്രീക്വാർട്ടറിൽ കടക്കാം എന്ന് കരുതി ഇറങ്ങിയ റഷ്യയെ പോരാട്ട വീര്യം കൊണ്ട് മറികടക്കുക ആയിരുന്നു ഡെന്മാർക്ക്. മത്സരത്തിൽ ആദ്യ നല്ല അവസരം വന്നത് റഷ്യക്ക് ആയിരുന്നു. ഡെന്മാർക്ക് ഡിഫൻസിന് മുന്നിൽ ഡാൻസ് ചെയ്ത് കൊണ്ട് ഗൊളോവിൻ എടുത്ത ഷോട്ടിനെ കാസ്പെർ ഷിമൈക്കിളിന്റെ കാലുകൾ ആണ് ഗോളിൽ നിന്ന് തടഞ്ഞത്. മുപ്പതാം മിനുട്ടിൽ ഡെന്മാർക്ക് മധ്യനിര താരം ഹൊയിബിയേർഗിന്റെ ഒരു ലോങ് റേഞ്ചർ റഷ്യൻ ഗോളിയെ വരെ ഞെട്ടിച്ചു.

ഇതിനു ശേഷം 38ആം മിനുട്ടിലാണ് ഡെന്മാർക്കിന്റെ ഗോൾ വരുന്നത്. 20കാരനായ താരം മിക്കൾ ഡാംസ്ഗാർഡ് പെനാൾട്ടി ബോക്സിന് പുറത്ത് നിന്നൊരു മനോഹരമായ ഫിനിഷിലൂടെ ഡെന്മാർക്കിന് ലീഡ് നൽകി. ഈ യൂറോ കപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി ഡാസ്ഗാർഡ് ഈ ഗോളോടെ മാറി. രണ്ടാം പകുതിയിൽ ഡെന്മാർക്കിന് രണ്ടാം ഗോൾ റഷ്യ സമ്മാനിക്കുക ആയിരുന്നു.

59ആം മിനുട്ടിൽ റഷ്യൻ ഡിഫൻഡറുടെ ബാക്ക് പാസ് എത്തിയത് പെനാൾട്ടി ബോക്സിൽ ഒറ്റയ്ക്ക് വെറുതെ നിൽക്കുക ആയിരുന്ന പൗൾസന്റെ കാലിൽ. അത് വലയിലേക്ക് തട്ടിയിട്ട് ഡെന്മാർക്കിന്റെ രണ്ടാം ഗോൾ പൗൾസൻ ഉറപ്പിച്ചു. എന്നാൽ ഇവിടെ കളി അവസാനിച്ചില്ല. ഒരു പെനാൾട്ടിയിലൂടെ റഷ്യ കളിയിലേക്ക് തിരികെ വന്നു. വെസ്റ്റഗാർഡ് സൊബലോവിനെ ഫൗൾ ചെയ്തതിനായിരുന്നു പെനാൾട്ടി. അവരുടെ പരിചയസമ്പന്നനായ ഡ്സ്യൂബ സമ്മർദ്ദങ്ങൾ അതിജീവിച്ച് പെനാൾട്ടി സ്പോടിൽ നിന്ന് റഷ്യക്കായി ഗോൾ നേടി. എങ്കിലും ഒരു റഷ്യൻ തിരിച്ചടി തടയാൻ ഡെന്മാർക്കിനായി.

79ആം മിനുട്ടിൽ സെഫനോഫിന്റെ ഇരട്ട സേവുകൾ ഡെന്മാർക്കിന്റെ മൂന്നാം ഗോൾ തടഞ്ഞെങ്കിലും അതിനു പിന്നാലെ വന്ന ക്രിസ്റ്റ്യൻസിന്റെ സ്ക്രീമർ ഡെന്മാർക്കിന്റെ മൂന്നാം ഗോൾ നേടി. ഈ ഗോളിൽ ഡെന്മാർക്ക് നിർത്തിയില്ല. തൊട്ടു പിന്നാലെ മെയ്ലർ ഡെന്മാർക്കിന്റെ നാലാം ഗോളും നേടി മത്സരത്തിന്റെ വിധിയും ഡെന്മാർക്കിന്റെ പ്രീക്വാർട്ടർ യോഗ്യതക്കും അടിവരയിട്ടു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെൽജിയം ഫിൻലാൻഡിനെ പരാജയപ്പെടുത്തിയതും ഡെന്മാർക്കിന് സഹായകമായി. റഷ്യക്ക് എതിരായ വിജയം ഡെന്മാർക്കിനെ മൂന്ന് പോയിന്റിൽ എത്തിച്ചു. റഷ്യക്കും ഫിൻലാൻഡിനും മൂന്ന് പോയിന്റ് ഉണ്ടെങ്കിലും ഗോൾ ഡിഫറൻസ് ഡെന്മാർക്കിനെ ഈ രണ്ടു ടീമുകൾക്കും മുന്നിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചു. ഡെന്മാർക്കിന് +1 ഗോൾ ഡിഫറൻസും, ഫിൻലാൻഡിന് -2 ഗോൾ ഡിഫറൻസും റഷ്യക്ക് -5 ഗോൾ ഡിഫറൻസുമാണ് അവസാനത്തിൽ ഉള്ളത്. ഫിൻലാൻഡ് മൂന്നാമതും റഷ്യ അവസാന സ്ഥാനത്തും ഫിനിഷ് ചെയ്തു.