ഐ എസ് എല്ലിൽ ഇന്ന് ആദ്യ ജയം തേടി ഇറങ്ങുന്ന രണ്ട് ടീമുകളുടെ മത്സരമാണ്. ഡെൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഡെൽഹി ഡൈനാമോസ് ചെന്നൈയിനെ നേരിടും. കളിച്ച മൂന്ന് കളിയും തോറ്റ് ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് ഈ സീസണിൽ ചെന്നൈയിന് ലഭിച്ചിർക്കുന്നത്. ചാമ്പ്യന്മാരായി സീസൺ തുടങ്ങിയ ചെന്നൈയിൻ ബെംഗളൂരു എഫ് സി, ഗോവ, നോർത്ത് ഈസ്റ്റ് എന്നീ ടീമുകളോടാണ് പരാജയങ്ങൾ ഏറ്റു വാങ്ങിയത്.
ഡിഫൻസിലെ പിഴവുകളാണ് ചെന്നൈയിനെ പ്രധാനമായി അലട്ടുന്നത്. അവസാന രണ്ടു മത്സരങ്ങളിൽ നിനനയി ഏഴു ഗോളുകൾ ചെന്നൈയിൻ വഴങ്ങി. പൊതുവെ മികച്ച ഡിഫൻഡിംഗ് ടീമായി അറിയപ്പെടുന്ന ചെന്നൈയിന് ഇത്തവണ ഇതുവരെ ആ പേര് സൂക്ഷിക്കാനായിട്ടില്ല.
മറുവശത്ത് ഡെൽഹിക്ക് പ്രശ്നം അറ്റാക്കാണ്. ഗോളടിക്കാൻ ആരുമില്ല എന്നതാണ് ഡൈനാമോസിന്റെ പ്രശ്നം. അവസാന മത്സരത്തിൽ കലുദരോവിച് ഗോൾ അടിച്ചത് ജോസഫ് ഗൊംബവുവിന് പ്രതീക്ഷ നൽകിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളിൽ രണ്ട് സമനില മാത്രമാണ് ഡെൽഹിക്ക് ഉള്ളത്. ചെന്നൈയിനെതിരെ മികച്ച ഹെഡ് ടു ഹെഡ് റെക്കോർഡ് ഡെൽഹിക്ക് ഉണ്ട്. എട്ടു മത്സരങ്ങൾ കളിച്ചപ്പോൾ ഒരു മത്സരത്തിൽ മാത്രമെ ഡെൽഹിയെ തോൽപ്പിക്കാൻ ചെന്നൈയിന് ആയിട്ടുള്ളൂ.