രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം നോട്ടിങ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു വിജയം സ്വന്തമാക്കി. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിട്ട ഫോറസ്റ്റ് മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സന്റെ മികവാണ് അവർക്ക് ജയം നൽകിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ യുണൈറ്റഡിൽ കളിക്കുന്ന ഹെൻഡേഴ്സൺ ഒരു പെനാൾട്ടി സേവ് ചെയ്താണ് ക്ലബിനെ രക്ഷിച്ചത്. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഹിയ അബദ്ധങ്ങളിലൂടെ ടീം വഴങ്ങിയ ഗോളുകൾക്ക് കാരണം ആയപ്പോൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അവഗണിച്ച ഡീൻ ഹീറോ ആകുന്നത്.
ഇന്ന് മികച്ച അറ്റാക്കിംഗ് ഫുട്ബോൾ കളിച്ച ഫോറസ്റ്റ് തുടക്കം മുതൽ അവസരങ്ങൾ സൃഷ്ടിച്ചു. വെസ്റ്റ് ഹാമും അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. ആദ്യ പകുതിയുടെ 43ആം മിനുട്ടിൽ ബെൻറാമയിലൂടെ വെസ്റ്റ് ഹാം ലീഡ് എടുത്തു എങ്കിലിം അന്റോണിയോയുടെ ഒരു ഫൗൾ കാരണം വാർ ആ ഗോൾ നിഷേധിച്ചു. ഇതിന് തൊട്ടു പിന്നാലെ ഫോറസ്റ്റ് ഗോൾ കണ്ടെത്തുകയും ചെയ്തു. 45ആം മിനുട്ടിൽ അവോനിയുടെ ടച്ചിലാണ് ഫോറസ്റ്റിന്റെ ഗോൾ വന്നത്.
രണ്ടാം പകുതിയിൽ സമനിലക്ക് വേണ്ടി വെസ്റ്റ് ഹാം പ്രയത്നിച്ചു. 65ആം മിനുട്ടിലാണ് അവർക്ക് പെനാൾട്ടി ലഭിച്ചത്. പെനാൾട്ടി എടുത്ത ഡക്ലൻ റൈസിന്റെ ശ്രമം തടഞ്ഞു കൊണ്ട് ഡീൻ ഹെൻഡേഴ്സൺ ഹീറോ ആയി. ഇതിനു ശേഷം ഒരു ഗോൾ കണ്ടെത്താൻ വെസ്റ്റ് ഹാമിനായില്ല. ഫോറസ്റ്റിന്റെ ഈ സീസണിലെ ആദ്യ ജയം ആണിത്. വെസ്റ്റ് ഹാമിന്റെ തുടർച്ചയായ രണ്ടാം പരാജയവും.
Story Highlight: Dean Henderson Saves Nottingham Forrest