ഒരു ഗോൾ കീപ്പറിൽ നിന്ന് ഇതുപോലൊരു പ്രകടനം ഇപ്പോൾ അടുത്തൊന്നും ഫുട്ബോൾ ലോകം കണ്ടു കാണില്ല. ഇന്ന് വെംബ്ലിയിലെ രണ്ടാം പകുതിയിൽ ടോട്ടൻഹാമിനെതിരെ ഡി ഹിയ നടത്തിയ എണ്ണമില്ലാത്തത്ര സേവുകൾ അക്ഷരാർത്ഥത്തിൽ ഈ സ്പാനിഷ് ഗോൾകീപ്പറെ കാവൽ മാലാഖ എന്ന് വിളിപ്പിക്കുന്നു. ഒലെ ഗണ്ണാർ സോൾഷ്യറുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വെംബ്ലിയിൽ ടോട്ടൻഹാമിനെ ഏക ഗോളിന് കീഴ്പ്പെടുത്തി. ആ ജയത്തിന്റെ മുഴുവൻ പൂച്ചെണ്ടുകളും ഡിഹിയയ്ക്ക് മാത്രം പോകുന്നതാകണം.
അഞ്ചു തുടർ വിജയങ്ങളുമായി ഇന്ന് വെംബ്ലിയിൽ എത്തിയ മാഞ്ചസ്റ്റർ മികച്ച രീതിയിൽ തന്നെ ആയിരുന്നു തുടങ്ങിയത്. പതിവായി ഒലെ നടത്താറുള്ള ഓൾ അറ്റാക്ക് എന്ന ടാക്ടിക്സിന് പകരം കൗണ്ടർ അറ്റാക്കിലൂടെ ടോട്ടൻഹാമിനെ വീഴ്ത്താൻ ആയിരുന്നു ഇന്ന് യുണൈറ്റഡിന്റെ തീരുമാനം. ആ ടാക്ടിക്സ് ആദ്യ പകുതിയിൽ ടോട്ടൻഹാമിനെ വല്ലാതെ വലക്കുകയും ചെയ്തു. നിരവധി അവസരങ്ങൾ സെക്കൻഡുകളുടെ സ്പീഡുള്ള കൗണ്ടറിലൂടെ സൃഷ്ടിക്കാൻ യുണൈറ്റഡിനായി.
ആദ്യ പകുതിയുടെ 45ആം മിനുട്ടിൽ ആയിരുന്നു യുണൈറ്റഡ് കളിയിൽ അവരെ മുന്നിൽ എത്തിച്ച ഗോൾ നേടിയത്. പോൾ പോഗ്ബ റാഷ്ഫോർഡിന് നൽകിയ പകരം വെക്കാനില്ലാത്ത പാസ് ഇംഗ്ലീഷ് സ്ട്രൈക്കർ സ്പർസ് വലയിലേക്ക് കയറ്റി. ആ ഗോൾ യുണൈറ്റഡ് അർഹിച്ച് ലീഡും നൽകി.
രണ്ടാം പകുതിയിൽ ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ കാണാൻ കഴിഞ്ഞത് ജോസെ മൗറീനോയുടെ കലാത്തെ യുണൈറ്റഡിനെ ആയിരുന്നു. അവിടെയാണ് ഡി ഹിയ താരമായി മാറിയതും. യുണൈറ്റഡ് കൂടുതൽ ഡിഫൻസിലേക്ക് വലിഞ്ഞപ്പോൾ ഡിഹിയക്ക് പണി തുടങ്ങി. കെയ്ൻ, സോൺ, ഡെലി അലി, ലമേല, എറിക്സൺ എന്ന് തുടങ്ങി ടോട്ടൻഹാം അറ്റാക്കിംഗ് നിര മൊത്തം തുരുതുരാ ഷോട്ട് ഉതിർത്തിട്ടും ഒന്നു പോലും മാഞ്ചസ്റ്റർ വലയിൽ കയറിയില്ല.
ഡിഹിയ സ്പെഷ്യൽ സേവുകൾ ആയ കാലുകൾ ഉപയോഗിച്ചുള്ള സേവുകൾ ആയിരുന്നു ഇന്ന് പിറന്നതിൽ ഏറെയും. കഴിഞ്ഞ ലോകകപ്പ് മുതൽ ഡിഹിയയുടെ ഫോം താഴേക്ക് ആണെന്ന് പറഞ്ഞവർ ഒക്കെ ഇനിയും അത് പറയില്ല എന്ന് ഉറപ്പിക്കുന്ന പ്രകടനമായിരുന്നു ഡി ഹിയ നടത്തിയത്. രണ്ടാം പകുതിയിൽ മാത്രം പത്തിൽ അധികം ടോട്ടൻഹാം ഷോട്ടുകൾ ആണ് ഓൺ ടാർഗറ്റിലേക്ക് വന്നത്. ഒന്നും ഡിഹിയയെ കടന്നു പോയില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഈ വിജയം പോയന്റിൽ ആഴ്സണലിനൊപ്പം എത്തിച്ചു. ടോട്ടൻഹാമിനാകട്ടെ ഈ തോൽവി അവരുടെ കിരീട പോരാട്ടത്തിൽ വൻ തിരിച്ചടിയുമായി.