അരങ്ങേറ്റ സീസണില്‍ തന്നെ ഫൈനലിന് യോഗ്യത നേടി ഗുജറാത്ത് ടൈറ്റന്‍സ്. നാലാം വിക്കറ്റിൽ ഹാര്‍ദ്ദിക് പാണ്ഡ്യയും ഡേവിഡ് മില്ലറും ചേര്‍ന്ന് നേടിയ 106 റൺസ് കൂട്ടുകെട്ട് രാജസ്ഥാനുയര്‍ത്തിയ വെല്ലുവിളി മറികടക്കുവാന്‍ ഗുജറാത്തിനെ സഹായിക്കുകയായിരുന്നു. 188 റൺസ് രാജസ്ഥാന്‍ നേടിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 19.3 ഓവറിലാണ് ഗുജറാത്തിന്റെ വിജയം.
സാഹയെ ആദ്യ ഓവറിൽ നഷ്ടമായ ശേഷം ശുഭ്മന്‍ ഗില്ലും മാത്യു വെയിഡും ചേര്‍ന്ന് ഗുജറാത്തിന്റെ കുതിപ്പിന് തുടക്കം കുറിയ്ക്കുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസാണ് ടീം നേടിയത്.
21 പന്തിൽ 35 റൺസ് നേടിയ ശുഭ്മന്‍ ഗിൽ റണ്ണൗട്ടായപ്പോള്‍ 72 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്ത് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുവാന്‍ രാജസ്ഥാന് സാധിച്ചു. അധികം വൈകാതെ 30 റൺസ് നേടിയ മാത്യു വെയിഡിനെയും പുറത്താക്കി ഒബേദ് മക്കോയി രാജസ്ഥാന് മത്സരത്തിൽ പ്രതീക്ഷ നൽകി.
ക്രീസില്‍ പുതുതായി എത്തിയ ഹാര്‍ദ്ദിക്കും മില്ലറും സ്കോര്‍ബോര്‍ഡ് മുന്നോട്ട് ചലിപ്പിച്ചപ്പോള്‍ അവസാന 8 ഓവറിൽ 80 റൺസായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്. ഹാര്‍ദ്ദിക് തന്റെ പതിവ് ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ റൺ റേറ്റ് വരുതിയിൽ നിര്‍ത്തുവാന്‍ ഗുജറാത്തിന് സാധിച്ചു.
ഹാര്‍ദ്ദിക് – മില്ലര്‍ കൂട്ടുകെട്ട് അര്‍ദ്ധ ശതകം തികച്ചപ്പോള്‍ അവസാന അഞ്ചോവറിൽ വെറും 50 റൺസ് ആയിരുന്നു വിജയത്തിനായി ഗുജറാത്ത് നേടേണ്ടിയിരുന്നത്. മൂന്നോവറിൽ ലക്ഷ്യം 34 റൺസായിരുന്നു എങ്കിലും മത്സരം ഗുജറാത്തിന്റെ കൈകളിൽ തന്നെ സുരക്ഷിതമായിരുന്നു ഈ നാലാം വിക്കറ്റ് കൂട്ടുകെട്ട് ക്രീസിൽ നിന്നിരുന്നത് കാരണം. പിന്നീട് വരാനിക്കുന്ന വമ്പനടിക്കാരായ തെവാത്തിയയും റഷീദ് ഖാനും ആണെന്നതും ഗുജറാത്തിന് കൂടുതൽ സാധ്യത നൽകി.
ചഹാൽ എറിഞ്ഞ 18ാം ഓവറിലെ ആദ്യ പന്തുകളിൽ വലിയ ഷോട്ട് പായിക്കുവാന്‍ പാണ്ഡ്യയ്ക്കും മില്ലറിനും സാധിക്കാതെ പോയെങ്കിലും ഓവറിലെ അഞ്ചാം പന്തിൽ മില്ലര്‍ സിക്സര്‍ പറത്തി ഓവറിൽ നിന്ന് 11 റൺസ് പിറന്നു. ഒബേദ് മക്കോയി എറിഞ്ഞ 19ാം ഓവറിൽ 7 റൺസ് മാത്രം പിറന്നപ്പോള്‍ ലക്ഷ്യം അവസാന ഓവറിൽ 16 ആയി മാറി. ഡേവിഡ് മില്ലര്‍ നേടിയ ബൗണ്ടറിയാണ് ഗുജറാത്തിന് ആശ്വാസമായത്.
അവസാന ഓവറിലെ ആദ്യ പന്ത് മില്ലര്‍ സിക്സര്‍ പറത്തിയപ്പോള്‍ കാര്യങ്ങള്‍ ഗുജറാത്തിന് അനുകൂലമായി. രണ്ടാം പന്തിലും അതേ ഫലം വന്നപ്പോള്‍ ലക്ഷ്യം വെറും നാല് പന്തിൽ നാല് റൺസായി മാറി. മൂന്നാം പന്തിലും സിക്സര്‍ പറത്തി മില്ലര്‍ പുറത്താകാതെ 38 പന്തിൽ നിന്ന് 68 റൺസ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 27 പന്തിൽ 40 റൺസ് നേടി. 5 സിക്സ് അടക്കമായിരുന്നു മില്ലറുടെ ഇന്നിംഗ്സ്. 61 പന്തിൽ 106 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.