എ സി മിലാൻ അവരുടെ ഗംഭീര ഫോം തുടരുകയാണ്. അവർ ഇന്ന് ഒരു വിജയം കൂടെ നേടിയതോടെ അവരുടെ അപരാജിത കുതിപ്പ് 22 മത്സരങ്ങളായി. ഇന്ന് യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ സ്പാർട പ്രാഹയെ ആണ് എ സി മിലാൻ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു പിയോളിയുടെ ടീം ഇന്ന് വിജയിച്ചത്. സ്ലാട്ടാൻ ഇബ്രഹിമോവിച് പെനാൾട്ടി നഷ്ടപ്പെടുത്തിയിട്ടും ഈ വലിയ വിജയം നേടാൻ മിലാനായി.
ഇന്ന് 21കാരനായ ബ്രാഹിം ഡിയസിന്റെ ഗോളിലാണ് മിലാൻ ആദ്യം ലീഡ് എടുത്തത്. 24ആം മിനുട്ടിൽ ഇബ്രഹിമോവിചിന്റെ പാസിൽ നിന്നായിരുന്നു ബ്രാഹിമിന്റെ ഗോൾ. 36ആം മിനുട്ടിൽ ആയിരുന്നു മിലാന് പെനാൾട്ടി ലഭിച്ചത്. പക്ഷെ ഇബ്രയുടെ കിക്ക് ബാറി തട്ടി പുറത്ത് പോയി. രണ്ടാം പകുതിയിൽ റാഫേൽ ലിയോയിലൂടെ മിലാൻ ലീഡ് ഇരട്ടിയാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ മിലാനിൽ എത്തിയ ഡാലോട്ട് ആണ് രണ്ടാം ഗോൾ ഒരുക്കിയത്. 67ആം മിനുട്ടിൽ ഗോൾ നേടിക്കൊണ്ട് ഡാലോട്ട് തന്റെ അരങ്ങേറ്റം ഗംഭീരമാക്കി മാറ്റി. രണ്ട് വിജയങ്ങളിൽ 6 പോയിന്റുമായി മിലാൻ ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്.