ഡിയാഗോ ഡാലോട്ട്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൈറ്റ് ബാക്കിൽ അവസാനം ഒരു റൈറ്റ് ബാക്ക്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡിയാഗോ ഡാലോട്ട്, ഈ പേരുള്ള ഒരു പോർച്ചുഗീസ് റൈറ്റ് ബാക്ക് ആണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ പ്രതീക്ഷ. വർഷങ്ങളായി റൈറ്റ് ബാക്ക് പൊസിഷനിൽ ഒരു യഥാർത്ഥ റൈറ്റ് ബാക്ക് ഇല്ലാതെ കഷ്ടപ്പെടുകയായിരുന്നു യുണൈറ്റഡ്. റാഫേൽ ഡിസിൽവ ക്ലബ് വിട്ടതു മുതൽ അന്റോണിയോ വലൻസിയ ആണ് യുണൈറ്റഡിന്റെ റൈറ്റ് ബാക്ക്. റൈറ്റ് വിങ്ങറായി യുണൈറ്റഡിൽ എത്തിയ വലൻസിയ റൈറ്റ് ബാക്കായി നന്നായി കളിച്ചു എന്നതൊക്കെ സത്യം തന്നെ. എന്നാൽ റാഫേലിന്റെ കാലത്തിനു ശേഷം റൈറ്റ് ബാക്കിന്റെ ഓവർലാപ്പുകളും നല്ല ക്രോസുകളും അറ്റാക്കിംഗ് റൺസും ഒന്നും യുണൈറ്റഡിന്റെ വലതു വിങ്ങിൽ കണ്ടിരു‌ന്നില്ല.

അവസാന രണ്ടു മത്സരങ്ങൾ ആ നീണ്ട കാല വിഷമത്തിന് അവസാനമാവുകയാണെന്ന് സൂചനകൾ നൽകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ പുതുതായി ടീമിൽ എത്തിച്ച ഡിയാഗോ ഡാലോട്ട് തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് അരങ്ങേറ്റത്തിനായി ഒരുപാട് കാത്ത് നിക്കേണ്ടി വന്നു. പരിക്കായിരുന്നു ഈ 19കാരന്റെ പ്രധാന പ്രശ്നം. പക്ഷെ ഇപ്പോൾ പരിക്ക് മാറി. യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ കളിക്കാൻ ഡാലോട്ട് തയ്യാറായി എന്ന് മത്സരത്തിന് മുമ്പ് പറഞ്ഞ പരിശീലകൻ മൗറീനോ മത്സരത്തിന് ശേഷം പറഞ്ഞത് വലിയ വാക്കുകളായിരുന്നു. ഇനിയും 10 വർഷത്തിലേറെ യുണൈറ്റഡ് മറ്റൊരു റൈറ്റ് ബാക്കിനെ കുറിച്ച് ചിന്തിക്കേണ്ടതായെ വരില്ല എന്നായിരുന്നു ജോസെയുടെ വാക്കുകൾ.

ഇത് വെറുതെ പറഞ്ഞതല്ല. രണ്ടു മത്സരങ്ങളിലും പ്രത്യേകിച്ച് ഇന്നലെ നടന്ന ഫുൾഹാം മത്സരത്തിൽ ഡാലോട്ട് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഡാലോട്ടിന്റെ റണ്ണുകളും ക്രോസുകളും യുണൈറ്റഡ് ആരാധകരെ ആവേശത്തിലാക്കി. റൈറ്റ് വിങ്ങിൽ കുറെ കാലമായി കാണാതിരുന്ന തരത്തിൽ എണ്ണം പറഞ്ഞ ക്രോസുകൾ. അതിൽ ഒന്നു പോലും ഗോളാവാതിരുന്നത് നിർഭാഗ്യം മാത്രം.

ഡാലോട്ടിന്റെ അവസാന രണ്ടു മത്സരങ്ങളിലെ സ്റ്റാറ്റ്;

100% tackles won (4/4)
100% aerial duels won (4/4)
75% dribbles completed (3/4)
13 crosses attempted
8 clearances
5 crosses completed
4 chances created
2 fouls
0 unsuccessful touches

ഇത് നല്ല സൂചനകൾ ആണെന്ന് യുണൈറ്റഡ് ആരാധകരും ജോസെയും കരുതുന്നു. ഡാലോട്ടിൽ താൻ അർപ്പിച്ച വിശ്വാസം ഡാലോട്ട് സംരക്ഷിക്കുന്നതാണ് ഫീൽഡിൽ കാണുന്നത് എന്ന് മൗറീനോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ വലൻസിയയെ ദീർഘകാലത്തേക്ക് ഡാലോട്ട് ബെഞ്ചിൽ ഇരുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പോർട്ടോയിൽ നിന്നാണ് 19കാരനായ ഡിയാഗോ ഡാലോട്ട് യുണൈറ്റഡിലേക്ക് എത്തിയത്.