കാനഡയും ഖത്തറിൽ നിന്ന് പുറത്തേക്ക്. ഇന്ന് ക്രൊയേഷ്യയോട് പരാജയപ്പെട്ടതോടെ കാനഡ ഗ്രൂപ്പ് ഘട്ടം കടക്കില്ല എന്ന് ഉറപ്പായി. ഇന്ന് മോഡ്രിചിന്റെ ടീമിന് എതിരെ തുടക്കത്തിൽ തന്നെ ലീഡ് എടുത്തു എങ്കിലും പിന്നീട് 4-1ന്റെ പരാജയം ആണ് കാനഡയെ തേടി എത്തിയത്. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയുടെ ആദ്യ വിജയമാണിത്.
മത്സരം ആരംഭിച്ച് 2ആം മിനുട്ടിൽ തന്നെ കാനഡ ലീഡ് എടുത്തു. അവർ ഏറെ ആഗ്രഹിച്ച ലോകകപ്പ് ഗോൾ നേടിയത് അൽഫോൺസോ ഡേവിസ് ആയിരുന്നു. ഈ ഗോൾ ഈ ലോകകപ്പിലെ ഏറ്റവും വേഗതയാർന്ന ഗോളായി. ഈ ഗോളുമായി തുടങ്ങിയ കാനഡ പക്ഷെ ഇതിനു ശേഷം പിറകോട്ട് പോയി. ക്രൊയേഷ്യ തുടർ ആക്രമണങ്ങൾ നടത്തുകയും ചെയ്തു
36ആം മിനുട്ടിൽ ക്രൊയേഷ്യൻ ശ്രമങ്ങൾ ഫലം കണ്ടു. പെരിസിചിന്റെ പാസ് സ്വീകരിച്ച് ക്രമരിച് ആണ് ക്രൊയേഷ്യക്ക് സമനില നൽകിയത്. ക്രൊയേഷ്യയുടെ അറ്റാക്കുകൾ കാനഡയെ സമ്മർദ്ദത്തിൽ ആക്കിക്കൊണ്ടേയിരുന്നു. ആദ്യ പകുതി അവസാനിക്കും മുമൊ ലിവായയിലൂടെ ക്രൊയേഷ്യ ലീഡും എടുത്തു. ആദ്യ പകുതി 2-1 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ കാനഡ ചില മാറ്റങ്ങൾ നടത്തി എങ്കിലും ക്രൊയേഷ്യയെ തടയാൻ ആകുമായിരുന്നില്ല. മികച്ച താളത്തിൽ കളിച്ച ക്രൊയേഷ്യ 70ആം മിനുട്ടിൽ ക്രമാരിചിലൂടെ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി. ഈ ഗോളും ഒരുക്കിയത് പെരിസിച് ആയിരുന്നു.
ഇതിനേക്കാൾ കൂടുതൽ ഗോൾ നേടാൻ ക്രൊയേഷ്യക്ക് അവസരം ഉണ്ടായിരുന്നു എങ്കിലും സ്കോർ 3ൽ തന്നെ നിന്നു.അവസാനം ഇഞ്ച്വറി ടൈമിൽ കാനഡ ഡിഫൻസിന്റെ പിഴവിൽ നിന്ന് കിട്ടിയ അവസരം മുതലെടുത്ത് മയെർ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി
ഈ വിജയത്തോടെ ക്രൊയേഷ്യ 4 പോയിന്റിൽ എത്തി. കാനഡ രണ്ട് കളിയും പരാജയപ്പെട്ടതോടെ ടൂർണമെന്റിൽ നിന്ന് പുറത്തായി. ക്രൊയേഷ്യ ഇനി അവസാന മത്സരത്തിൽ ബെൽജിയത്തെ നേരിടും.