ഫുട്ബോൾ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം ലോകകപ്പിൽ നിന്ന് പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ക്രൊയേഷ്യയോട് ഗോൾ രഹിത സമനില വഴങ്ങിയത് ആണ് ബെൽജിയം പുറത്താകാൻ കാരണം. നിരവധി അവസരങ്ങൾ കിട്ടിയിട്ടും ഗോൾ അടിക്കാൻ പറ്റാത്തത് ആണ് വിനയായത്. ഈ സമനിലയോടെ ക്രൊയേഷ്യ അടുത്ത റൗണ്ടിലേക്ക് കടന്നു.
ഇന്ന് കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പും മൂന്നാം സ്ഥാനക്കാരും നേർക്കുനേർ വന്നപ്പോൾ ഇരു ടീമുകൾക്കും അത് ജീവന്മരണ പോരാട്ടം ആയിരുന്നു. ബെൽജിയത്തിന് വിജയം നിർബന്ധമായിരുന്നപ്പോൾ ക്രൊയേഷ്യക്ക് തോൽക്കാതിരിക്കണം എന്നായിരുന്നു. എന്നാൽ ഇത്ര നിർണായകമായ മത്സരത്തിന്റെ വേഗത കളിയുടെ തുടക്കത്തിൽ കാണാൻ ആയില്ല. ആദ്യ പകുതിയിൽ മെർടൻസിന് കിട്ടിയ ഒരു അവസരം മാത്രമാണ് ബെൽജിയത്തിന് പറയാൻ മാത്രം ഉള്ളത്. അത് മെർടൻസ് ലക്ഷ്യത്തിൽ എത്തിച്ചതുമില്ല.
ക്രൊയേഷ്യക്ക് ആദ്യ പകുതിയിൽ ഒരു പെനാൾട്ടി ലഭിച്ചു എങ്കിലും വാർ പരിശോധനയിൽ നേരിയ ഓഫ്സൈഡ് കണ്ടെത്തിയതിനെ തുടർന്ന് ആ പെനാൾട്ടി നിഷേധിക്കപ്പെട്ടു. രണ്ടാം പകുതിയിൽ ബെൽജിയം ലുകാകുവിനെ കളത്തിൽ എത്തിച്ചു. ലുകാലുവിന് രണ്ട് സുവർണ്ണാവസരങ്ങൾ ആണ് ലഭിച്ചത്. രണ്ടും മുതലെടുക്കാൻ ബെൽജിയൻ സ്ട്രൈക്കർക്ക് ആയില്ല.
രണ്ടാം പകുതിയിൽ വിജയിക്കാൻ പറ്റാവുന്നത്ര അവസരങ്ങൾ സൃഷ്ടിച്ചിട്ടും അവർക്ക് വല കണ്ടെത്താൻ ആയില്ല. 86ആം മിനുട്ടിൽ വീണ്ടും ലുകാകു ഒരു സിറ്റർ നഷ്ടപ്പെടുത്തി. ഇഞ്ച്വറി ടൈമിലും ലുകാകുവിന് രണ്ട് വലിയ അവസരങ്ങൾ ലഭിച്ചു. അതും താരത്തിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഇതോടെ ബെൽജിയൻ പ്രതീക്ഷകൾ അവസാനിച്ചു.
ഈ സമനിലയോടെ ബെൽജിയൻ ലോകകപ്പിൽ നിന്ന് പുറത്തേക്ക് പോയി. ക്രൊയേഷ്യ പ്രീക്വാർട്ടറിലേക്കും മുന്നേറി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കാനഡയെ പരാജയപ്പെടുത്തി കൊണ്ട് മൊറോക്കോ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി. മൊറോക്കോ 7 പോയിന്റ് ആയും, ക്രൊയേഷ്യ 5 പോയിന്റുമായും ബെൽജിയം നാലു പോയിന്റുമായും ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു.