ആഫ്രിക്കൻ വിപ്ലവം!!! ഗ്രൂപ്പ് ജേതാക്കൾ ആയി മൊറോക്കോ പ്രീ ക്വാർട്ടറിൽ

Nesyri

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിൽ ഗ്രൂപ്പ് ജേതാക്കൾ ആയി മൊറോക്കോ അവസാന പതിനാറിൽ. ക്രൊയേഷ്യ, ബെൽജിയം, കാനഡ ടീമുകൾ അടങ്ങിയ ഗ്രൂപ്പിൽ ബെൽജിയത്തിനും കാനഡക്കും മടക്ക ടിക്കറ്റ് ലഭിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തിൽ കാനഡയെ 2-1 നു തോൽപ്പിച്ച മൊറോക്കോ 7 പോയിന്റുകൾ നേടി ക്രൊയേഷ്യക്ക് മുകളിൽ ലോകകപ്പ് അവസാന പതിനാറിൽ ഇടം നേടുക ആയിരുന്നു. ഇതിനകം ലോകകപ്പിൽ നിന്നു പുറത്തായ കാനഡക്ക് എതിരെ നാലാം മിനിറ്റിൽ തന്നെ മൊറോക്കോ ഗോൾ നേടി.

കനേഡിയൻ ഗോൾ കീപ്പർ മുന്നിലേക്ക് കയറി വന്നപ്പോൾ 30 വാര അകലെ നിന്നു ലഭിച്ച പന്ത് മികച്ച ഷോട്ടിലൂടെ വലയിലാക്കിയ ഹക്കിം സിയെച് ആണ് ആഫ്രിക്കൻ ടീമിന് മുൻതൂക്കം സമ്മാനിച്ചത്. 25 മത്തെ മിനിറ്റിൽ അഷ്‌റഫ് ഹകീമി നൽകിയ മികച്ച ബോളിൽ നിന്നു മികച്ച ഓട്ടത്തിലൂടെ പന്ത് കയ്യിലാക്കിയ മുന്നേറ്റനിര താരം യൂസുഫ് എൻ-നെസ്റി മികച്ച ഷോട്ടിലൂടെ മൊറോക്കോക്ക് രണ്ടാം ഗോളും സമ്മാനിച്ചു. 40 മത്തെ മിനിറ്റിൽ അഡകുഗ്ബെയുടെ ക്രോസ് തടയാനുള്ള മൊറോക്കൻ പ്രതിരോധതാരം നയഫ് അഗ്യുർഡിന്റെ ശ്രമം സ്വന്തം പോസ്റ്റിൽ പതിച്ചതോടെ കാനഡക്ക് ചെറിയ പ്രതീക്ഷ ലഭിച്ചു.

ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സിയെച്ചിന്റെ ഫ്രീകിക്കിൽ ലഭിച്ച അവസരത്തിൽ
എൻ-നെസ്റി ഗോൾ കണ്ടത്തിയെങ്കിലും റഫറി ഇത് ഓഫ് സൈഡ് വിളിച്ചു. രണ്ടാം പകുതിയിൽ കനേഡിയൻ ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. പലപ്പോഴും മൊറോക്കോക്ക് വലിയ വെല്ലുവിളി അവർ ഉയർത്തി. ഇടക്ക് ഹച്ചിൻസിന്റെ ഹെഡർ ബാറിൽ ഇടിച്ചു മടങ്ങി. ഇടക്ക് മറ്റൊരു ശ്രമം ഗോൾ ലൈനിന് മുന്നിൽ നിന്നാണ് മൊറോക്കൻ പ്രതിരോധം രക്ഷിച്ചത്. മൊറോക്കോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നേട്ടങ്ങളിൽ ഒന്നായി ഇത്. ലോകകപ്പിൽ ഇത് വരെ പരാജയം അറിയാത്ത മൊറോക്കോ ബെൽജിയം, കാനഡ ടീമുകളെ തോൽപ്പിക്കുകയും ചെയ്തു.