പെനാൽറ്റി സേവ് ചെയ്യാൻ ഇരു ഗോൾ കീപ്പർമാരും പരസ്പരം മത്സരിച്ച നാടകീയത നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഡെന്മാർക്കിനെ മറികടന്ന് ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചപ്പോൾ ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് ക്രൊയേഷ്യ വിജയിച്ചത്. 3 പെനാൽറ്റി കിക്കുകൾ തടഞ്ഞ് ക്രൊയേഷ്യൻ കീപ്പർ സുബാസിച് മത്സരത്തിലെ ഹീറോ ആയി.
ആവേശകരമായാണ് മത്സരം തുടങ്ങിയത്. ഒന്നാം മിനിറ്റിൽ തന്നെ യോർഗിൻസനിലൂടെ ഡെൻമാർക്ക് മുന്നിലെത്തി, ആദ്യ മിനിറ്റിൽ തന്നെ യോർഗിൻസനിലൂടെ മുന്നിലെത്തിയ ഡെന്മാർക്കിന് മൻഡ്സൂകിച്ചിന്റെ ഗോളിലൂടെ നാലാം മിനിറ്റിൽ തന്നെ ക്രൊയേഷ്യ മറുപടി നൽകി. മികച്ച ആക്രമണ ഫുട്ബാൾ പുറത്തെടുത്ത ഇരു ടീമുകളും നിരവധി തവണ ഇരു ഗോൾ മുഖത്തും എത്തിയെങ്കിലും ഗോൾ വഴങ്ങാതെ കാസ്പർ ഷ്മൈക്കിളും സുബാസിചും പിടിച്ചു നിന്നപ്പോൾ നിശ്ചിത സമയത്തും ഗോൾ നില 1-1 എന്നു തുടർന്നു.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയെങ്കിലും സ്‌കോർ നിലയിൽ മാറ്റമുണ്ടായിരുന്നില്ല. 114ആം മിനിറ്റിൽ പെനാൽറ്റി ലഭിച്ച ക്രൊയേഷ്യക്ക് മത്സരം കൈപ്പിടിയിൽ ഒതുക്കാൻ അവസരം വന്നെങ്കിലും കാസ്പർ ഷ്മൈക്കിളിന് മുന്നിൽ കിക്ക് എടുത്ത മോഡ്രിചിന് പിഴച്ചു, ഇതിഹാസ ഗോൾ കീപ്പർ പീറ്റർ ഷ്മൈക്കിളിനെ സാക്ഷിയാക്കി മകൻ കാസ്പർ ഷ്മൈക്കിൾ പെനാൽറ്റി സേവ് ചെയ്തു.
നാടകീയമായിരുന്നു പെനാൽറ്റി ഷൂട്ടൗട്ട്. ഡെന്മാർക്കിന് വേണ്ടി കിക്ക് എടുത്ത എറിക്സൻ , ഷോണെ, യോർഗൻസൻ എന്നിവരുടെ കിക്ക് തടഞ്ഞ് ക്രൊയേഷ്യൻ കീപ്പർ സുബാസിച്ചും ബദൽജ്, പിവാരിച് എന്നിവരുടെ കിക് തടഞ്ഞു കാസ്പർ ഷ്മൈക്കിലും തടഞ്ഞു, പക്ഷെ നിർണായക കിക്ക് ഗോളാക്കി റകിറ്റിച് ക്രൊയേഷ്യയെ ക്വാർട്ടറിലേക്ക് നയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial