ഡെന്മാർക്കിന് തലകുനിക്കാം, കാസ്പെറിന് മാത്രം തല ഉയർത്താം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കളി 114ആം മിനുട്ടിൽ നിൽക്കുമ്പോഴാണ് ഡെന്മാർക്ക് ഒരു പെനാൾട്ടി വഴങ്ങുന്നത്‌. സ്കോർ അപ്പോൾ 1-1. ഡെന്മാർക്കിന്റെ ക്വാർട്ടർ ഫൈനൽ സ്വപ്നങ്ങൾ ഒക്കെ തീരുമാനമായെന്ന് ഏതാണ്ട് ഉറപ്പായ നിമിഷം. പെനാൾട്ടി എടുക്കാൻ വന്നത് ലൂകാ മോഡ്രിച്. റയൽ മാഡ്രിഡിന് മൂന്ന് തവണ തുടർച്ചയായി ചാമ്പ്യൻസ് ലീഗും നേടിക്കൊടുത്ത്, ഈ ലോകകപ്പി അർജന്റീനയെ വട്ടം കറക്കി പ്രീക്വാർട്ടറിലേക്ക് വന്ന താരം.

ഗോൾ വരയ്ക്കു മുന്നിൽ കാസ്പർ ഷീമൈക്കിൾ, ഗ്യാലറിയിൽ ശ്വാസം അടക്കിടിപ്പിടിച്ച് ഇതിഹാസ ഗോൾകീപ്പറും കാസ്പറിന്റെ അച്ഛനുമായ പീറ്റർ ഷീമൈക്കിൾ. ലൂക്ക മോഡിചിന്റെ കിക്ക് ഷീമൈക്കിളിന്റെ ഇടതു ഭാഗത്തേയ്ക്ക്. പന്ത് ആ വലിയ കൈകൾക്കുള്ളിൽ ഭദ്രം. ഡെന്മാർക്ക് സ്വപ്നങ്ങൾക്ക് മുഴുവൻ ആ സേവ് ജീവൻ നൽകി. ഗ്യാലറിയിൽ അഭിമാനം കൊണ്ട് തുള്ളി ചാടുന്ന പീറ്റർ ഷീമൈക്കിൾ.

കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഡെന്മാർക്കിന് മുൻ തൂക്കം എന്നു തന്നെ തോന്നി. ഷീമൈക്കിളിന്റെ എക്സ്ട്രാ ടൈമിലെ സേവ് മാത്രമായിരുന്നു അതിന് കാരണം. പക്ഷെ ഡെന്മാർക്ക് നിരാശപ്പെടുത്തി. ആദ്യം കിക്കെടുത്ത ഡെന്മാർക്കിന്റെ ഏറ്റവും മികച്ച താരമായ എറിക്സണ് പിഴച്ചു. വീണ്ടൂം ഡെന്മാർക്ക് സ്വപ്നങ്ങൾ മങ്ങൽ, പക്ഷെ കാസ്പെർ വീണ്ടും ഡെന്മാർക്കിന്റെ രക്ഷകനായി. വീണ്ടുമൊരു പെനാൾട്ടി സേവ്. ഡെന്മാർക്ക് ശ്വാസം വീണ്ടെടുത്തു.

2-2 എന്ന് പെനാൾട്ടി നിൽക്കുമ്പോൾ ഡെന്മാർക്കിനായി പെനാൾട്ടി എടുത്ത സ്കോണിനും പിഴച്ചു. വീണ്ടും ഡെന്മാർക്കിന്റെ പ്രതീക്ഷ കാസ്പെറിൽ മാത്രം. ഇത്തവണ പിവാരിചിന്റെ പെനാൾട്ടി അതി ഗംഭീര സേവിലൂടെ കാസ്പർ രക്ഷപ്പെടുത്തി. കാസ്പറിന്റെ ഇന്നത്തെ മൂന്നാം പെനാൾട്ടി സേവ്. എന്നിട്ടും ഡെന്മാർക്ക് പഠിച്ചില്ല. അവസാന കിക്ക് എടുത്ത ജോർഗെൻസെനും വല കണ്ടെത്താൻ ആയില്ല. ഒരിക്കൾ കൂടി ആ സ്വപ്നങ്ങൾ കാക്കാൻ മാത്രം വലിയ കൈകളായിരുന്നില്ല കാസ്പറിന്‌. റാകിറ്റിചിന്റെ പന്ത് വലയിലായി ക്രൊയേഷ്യ ആഹ്ലാദം തുടങ്ങുമ്പോൾ ഇനിയും എന്ത് ഞാൻ ചെയ്യണം എന്ന ഭാവത്തോടെ കാസ്പർ പരാജിതനായി ഇരിക്കുന്നുണ്ടായിരുന്നു‌.

ഇന്നത്തെ കയ്യടി മുഴുവൻ ക്രൊയേഷ്യ ഗോൾകീപ്പർ സുബാസിചിന് ലഭിക്കുമായിരിക്കും. കാസ്പറിന് ലഭിക്കേണ്ട കയ്യടി അവനിലേക്ക് എത്തിക്കാത്തതിന് ഡെന്മാർക്ക് താരങ്ങൾ മുഴുവൻ തലകുനിച്ചേ പറ്റൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial