അങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകൾ ഗോൾ വല കണ്ടെത്തി. യുവന്റസ് കരിയറിലെ തന്റെ ആദ്യ ഗോൾ റൊണാൾഡോ കണ്ടെത്തിയ മത്സരത്തിൽ യുവന്റസ് സസുവോളയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. രണ്ട് ഗോളുകളും ക്രിസ്റ്റ്യാനോയുടെ ബൂട്ടിൽ നിന്ന് തന്നെയാണ് പിറന്നത്.
റൊണാൾഡോ യുവന്റസിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും ഗോൾ കണ്ടെത്താതിരുന്നപ്പോൾ നിറയെ വിമർശങ്ങൾ ഉയർന്നിരുന്നു. ആ വിമരശങ്ങൾക്കുള്ള മറുപടിയായി ഇന്നത്തെ റൊണാൾഡോയുടെ പ്രകടനം. കളിയുടെ രണ്ടാം പകുതിയിൽ 50ആം മിനുട്ടിലായിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ. സസുവോളയുടെ ഡിഫൻഡരുടെ ക്ലിയറൻസ് ഹെഡർ റൊണാൾഡോയുടെ കാലിൽ എത്തിയപ്പോൾ ഒന്ന് തൊടേണ്ട ആവശ്യമെ ക്രിസ്റ്റ്യാനോയ്ക്ക് ഉണ്ടായിരുന്നുള്ളൂ.
ആദ്യ ഗോൾ റൊണാൾഡോയുടെ ആത്മവിശ്വാസവും കൂട്ടി. 65ആം മിനുട്ടിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിന് ഒടുവിൽ ഒരു ലെഫ്റ്റ് ഫൂട്ടർ ഫിനിഷിലൂടെ ആയിരുന്നു റൊണാൾഡോയുടെ ഗോൾ. എമ്രെ ചാനായിരുന്നു അവസരം സൃഷ്ടിച്ചത്. പിന്നീട് ഹാട്രിക്ക് നേടാൻ രണ്ട് സുവർണ്ണാവസരം റൊണാൾഡോയ്ക്ക് കിട്ടിയില്ല എങ്കിലും ലക്ഷ്യം കണ്ടില്ല. കളിയുടെ അവസാന നിമിഷമാണ് സസുവോള ഗോൾ നേടിയത്. ബാബകർ ആണ് യുവന്റസ് ഡിഫൻസിനെ കീഴടക്കി ഗോൾ കണ്ടെത്തിയത്. കളിയുടെ അവസാന നിമിഷം ഡഗ്ലസ് കോസ്റ്റ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് യുവന്റസ് ജയത്തിന്റെ നിറം കെടുത്തി.
ഇന്നത്തെ ജയത്തോടെ നാലു മത്സരങ്ങളിൽ യുവന്റസിന് നാലു ജയങ്ങളായി. 12 പോയന്റുമായി യുവന്റസ് തന്നെയാണ് ലീഗിൽ ഒന്നാമത്.