കരീബിയന്‍ പ്രീമിയര്‍ ലീഗിലിന്ന് കലാശപ്പോരാട്ടം, ട്രിന്‍ബാഗോ കുതിപ്പിന് തടയിടുമോ സൂക്ക്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫൈനല്‍ പോരാട്ടം. ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ടൂര്‍ണ്ണമെന്റിലെ അപരാജിത കുതിപ്പ് നടത്തുന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും മികച്ച ഓള്‍റൗണ്ട് പ്രകടനങ്ങള്‍ക്ക് പേര് കേട്ട സെയിന്റ് ലൂസിയ സൂക്ക്സുമാണ് ഏറ്റുമുട്ടുന്നത്. ടൂര്‍ണ്ണമെന്റിലിത് വരെ പരാജയം അറിയാത്ത ടീമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്.

സെമിയില്‍ ഇരു ടീമുകളും ആധികാരിക വിജയവുമായാണ് ഫൈനലിലേക്ക് എത്തുന്നത്. ട്രിന്‍ബാഗോ തല്ലാവാസിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ സൂക്ക്സ് ഗയാനയെയാണ് കശക്കിയെറിഞ്ഞത്. ടോപ് ഓര്‍ഡറില്‍ ലെന്‍ഡല്‍ സിമ്മണ്‍സ് ഫോമിലേക്ക് എത്തിയത് ട്രിന്‍ബാഗോയ്ക്ക് കരുത്തേകുമ്പോള്‍ സുനില്‍ നരൈന്‍ തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് ഓപ്പണിംഗ് ആരംഭിക്കുന്നത്.

കോളിന്‍ മണ്‍റോയുടെ പരിക്ക് ടീമിന് തലവേദന സൃഷ്ടിച്ചേക്കാമെങ്കിലും പകരമെത്തിയ ടിയോണ്‍ വെബ്സ്റ്റര്‍ കഴിഞ്ഞ കളിയില്‍ തിളങ്ങി ആ വിടവ് നികത്തുകയായിരുന്നു. ഡാരെന്‍ ബ്രാവോയും കീറണ്‍ പൊള്ളാര്‍ഡും ടിം സീഫെര്‍ട്ടും ഡ്വെയിന്‍ ബ്രാവോയും ട്രിന്‍ബാഗോ മധ്യനിരയ്ക്ക് കരുത്തേകുന്നു.

അകീല്‍ ഹൊസൈന്‍, ഫവദ് അഹമ്മദ്, ഖാരി പിയറി എന്നിവര്‍ അടങ്ങുന്ന ബൗളിംഗ് നിര ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്നതാണ്. ഒപ്പം സുനില്‍ നരൈനും കൂട്ടിനുണ്ട്.

അതേ സമയം ഓപ്പണിംഗില്‍ ആന്‍ഡ്രേ ഫ്ലെച്ചറിലും റഖീം കോണ്‍വാലിനെയുമാണ് സൂക്ക്സ് ആശ്രയിക്കുന്നത്. ഇരുവരും ഒറ്റപ്പെട്ട പ്രകടനങ്ങള്‍ പുറത്തെടുത്തുവെങ്കിലും അത്ര പ്രഭാവമുള്ള പ്രകടനങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല ടൂര്‍ണ്ണമെന്റില്‍. ഓള്‍റൗണ്ടര്‍മാരായ മാര്‍ക്ക് ദേയാല്‍, റോസ്ടണ്‍ ചേസ്, മുഹമ്മദ് നബി എന്നിവരാണ് ടീമിന്റെ പ്രധാന താരങ്ങള്‍. ഇവരുടെ പ്രകടനങ്ങളാണ് ഫൈനലില്‍ നിര്‍ണ്ണായകമാകുവാന്‍ പോകുന്നത്. അഫ്ഗാന്‍ താരം നജീബുള്ള സദ്രാനും പ്രധാന താരമാണ് സൂക്ക്സിനെ സംബന്ധിച്ച്.

ബൗളിംഗില്‍ സ്കോട്ട് കുജ്ജെലിന്‍ ആണ് പ്രധാന താരം. ഒപ്പം കെസ്രിക് വില്യംസും മേല്‍പ്പറഞ്ഞ ഓള്‍റൗണ്ടര്‍മാരെയും ടീം ആശ്രയിക്കുന്നു. സെമി ഫൈനല്‍ കളിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാവും ടീമുകള്‍ ഇന്ന് കളത്തിലിറങ്ങുക.