കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ചിലിയെ നേരിടും അർജന്റീന ഇക്വഡോറിനെയും. ഗ്രൂപ്പ് എയിൽ ഒന്നാമത് എത്തിയ അർജന്റീനക്ക് ഗ്രൂപ്പ് ബിയിൽ നാലാം സ്ഥാനക്കാർ ആയ ഇക്വഡോർ ആണ് എതിരാളികൾ. ഗ്രൂപ്പിൽ നാലിൽ 3 കളികളും ജയിച്ചാണ് അർജന്റീന വരുന്നതെങ്കിൽ നാലു കളികളിൽ 3 സമനിലയും ഒരു തോൽവിയും വഴങ്ങിയാണ് ഇക്വഡോർ യോഗ്യത. നിർണായകമായ അവസാന മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച ഇക്വഡോറിന് അർജന്റീനക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചേക്കും. അതേസമയം ഗ്രൂപ്പ് ബിയിൽ ഒന്നാമത് എത്തിയ ബ്രസീലിനു കരുത്തരായ ചിലി ആണ് എതിരാളികൾ. ഗ്രൂപ്പിൽ 3 ജയവും ഒരു സമനിലയും ഉള്ളപ്പോൾ ഗ്രൂപ്പിൽ ഒരു ജയവും ഒരു സമനിലയും രണ്ടു പരാജയവും ആയിരുന്നു ചിലിക്ക് കൂട്ട്. പ്രായമേറിയ താരങ്ങൾ ചിലിക്ക് വിനയാവും എങ്കിലും അർജന്റീനയെ സമനിലയിൽ തളച്ച പോരാട്ടവീര്യം അവർക്ക് കൂട്ടുണ്ട്. അതേസമയം മികച്ച ഫോമിലുള്ള ബ്രസീലിനു ചിലി വലിയ വെല്ലുവിളി ആവാൻ ഇടയില്ല.
ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാർ ആയ ഉറുഗ്വക്ക് ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനക്കാർ ആയ കൊളംബിയ ആണ് എതിരാളികൾ. ഗ്രൂപ്പ് എയിൽ അർജന്റീനയോട് മാത്രം തോൽവി വഴങ്ങിയ ഉറുഗ്വായ് രണ്ടു കളികൾ ജയിക്കുകയും ഒരു കളിയിൽ സമനില വഴങ്ങുകയും ചെയ്തു. അതേസമയം ഒരു കളിയിൽ ജയിക്കുകയും ഒരു കളിയിൽ സമനില കണ്ടത്തുകയും ചെയ്ത കൊളംബിയ രണ്ടു കളികളിൽ പരാജയം അറിഞ്ഞു. അതേസമയം കൊളംബിയയെ മറികടന്നു ഗ്രൂപ്പ് ബിയിൽ രണ്ടാമത് എത്തിയ പെറുവിനു ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാർ ആയ പരാഗ്വയ് ആണ് എതിരാളികൾ. പെറു നാലിൽ രണ്ടു കളികളിൽ ജയവും ഓരോ വീതം കളികളിൽ സമനിലയും തോൽവിയും വഴങ്ങി. അതേസമയം 2 കളികളിൽ ജയിച്ച പരാഗ്വയ് രണ്ടു കളികളിൽ തോൽവിയും വഴങ്ങി. മികച്ച പോരാട്ടങ്ങൾ തന്നെയാണ് കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ കാത്തിരിക്കുന്നത്. ബ്രസീൽ അർജന്റീന സ്വപ്നഫൈനലിന് സാധ്യതയുള്ള വിധം ആണ് മത്സരങ്ങൾ എന്നതിനാൽ ആരാധക പ്രതീക്ഷയും വാനോളം ആണ്.