കോപ അമേരിക്കയിൽ ഇത് വരെ കണ്ട ഏറ്റവും മികച്ച മത്സരത്തിനു ഒടുവിൽ പെറുവിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്നു കൊളംബിയക്ക് കോപയിൽ മൂന്നാം സ്ഥാനം. അർജന്റീനക്ക് എതിരെ സെമിഫൈനൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ തോറ്റ് വന്ന കൊളംബിയയും ബ്രസീലിനു എതിരെ തോറ്റ് വന്ന പെറുവും മൂന്നാം സ്ഥാനത്തിന് വേണ്ടി ഏറ്റുമുട്ടിയപ്പോൾ മികച്ച പോരാട്ടം ആണ് ഇരു ടീമുകളും പുറത്ത് എടുത്തത്. ബ്രസീലിനും അർജന്റീനക്കും എതിരെ ഗോൾ നേടിയ ടൂർണമെന്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആയ ലൂയിസ് ഡിയാസിന്റെ ഇരട്ടഗോളുകൾ ആണ് കൊളംബിയക്ക് ആവേശജയം സമ്മാനിച്ചത്. ഇരു ടീമുകളും ആക്രമണ ഫുട്‌ബോൾ കളിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ 45 മിനിറ്റിൽ യോഷിമറിലൂടെ പെറു ആണ് ആദ്യം മുന്നിലെത്തിയത്.
എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടനെ മികച്ച ഒരു ഫ്രീകിക്കിലൂടെ 49 മിനിറ്റിൽ യുവാൻ കുഡ്രഡാഡോ കൊളംബിയക്ക് സമനില നൽകി. 66 മിനിറ്റിൽ വർഗാസിന്റെ പാസിൽ ബോക്സിന് പുറത്ത് നിന്ന് തന്റെ ആദ്യ ഗോൾ കണ്ടത്തിയ ലൂയിസ് ഡിയാസ് കൊളംബിയക്ക് വീണ്ടും ലീഡ് നൽകി. ഗാർസിയയുടെ പാസിൽ 82 മിനിറ്റിൽ ഹെഡറിലൂടെ ജിയാൻലുക്ക ലാപഡുല പെറുവിനെ വീണ്ടും മത്സരത്തിൽ ഒപ്പമെത്തിച്ചു. സമനിലയിലേക്ക് പോവും എന്നു കരുതിയ മത്സരത്തിൽ ആണ് ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആയ ലൂയിസ് ഡിയാസ് ഇഞ്ച്വറി സമയത്ത് വീണ്ടും കൊളംബിയയുടെ രക്ഷകൻ ആവുന്നത്. ബോക്സിന് പുറത്ത് ലൂയിസ് മ്യൂരിയലിന്റെ പാസിൽ നിന്നു അതുഗ്രൻ ഷോട്ടിലൂടെ ലൂയിസ് ഡിയാസ് കൊളംബിയക്ക് ആവേശകരമായ ജയം സമ്മാനിച്ചു.ഏത് മത്സരവും ജയിപ്പിക്കാൻ ആവുന്ന അപാര ഗോൾ ആയിരുന്നു അത്. കൊളംബിയയുടെ മൂന്നാം സ്ഥാനത്തെക്കാൾ നാലു ഗോളുകളും മികച്ച പ്രകടനവും ആയി ടൂർണമെന്റിൽ നിറഞ്ഞ ലൂയിസ് ഡിയാസിന്റെ പ്രതിഭ അടയാളപ്പെടുത്തിയ മത്സരം ആയിരുന്നു ഇത്.