കോപ അമേരിക്ക കോടതിയിൽ, സ്റ്റേ ചെയ്യാൻ ആവശ്യപ്പെട്ട് ബ്രസീൽ പ്രതിപക്ഷം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

താരങ്ങൾ കോപ അമേരിക്ക ബഹിഷ്കരിക്കില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം കോപ അമേരിക്ക നടക്കും എന്ന് ഉറപ്പിക്കാൻ ആവില്ല. ബ്രസീലിലെ വലിയ രാഷ്ട്രീയ പോരാട്ടമായി കോപ അമേരിക്ക മാറിയിരിക്കുകയാണ്. ബ്രസീലിലെ സുപ്രീം കോടതിയിൽ നിരവധി പരാതികളാണ് കോപ അമേരിക്ക നടത്തുന്നത് തടയാൻ ആയി വന്നിരിക്കുന്നത്. ബ്രസീൽ പ്രതിപക്ഷ പാർട്ടിയായ ബ്രസീൽ സോഷ്യലിസ്റ്റ് പാർട്ടിയും അതിന്റെ നേതാവ് ജൂലൊയോ ഡെൽഗാഡോയും ആണ് കോടതിയിൽ പോരാടുന്ന പ്രധാന പരാതിക്കാർ.

സുപ്രീം കോടതി നാളെ ഹർജികൾ പരിഗണിക്കും. ഇത്ര വലിയ ടൂർണമെന്റ് ഇപ്പോൾ വെക്കുന്നത് രാജ്യത്തെ ആരോഗ്യ കാര്യങ്ങൾ താറുമാറാക്കും എന്നും ഇത് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങൾക്ക് എതിരാണ് എന്നും പരാതിക്കാറും പ്രതിപക്ഷ പാർട്ടികളും പറയുന്നു. അമേരിക്ക കഴിഞ്ഞാൽ കൊറോണ ഏറ്റവും മോശമായൊ ബാധിച്ച രാജ്യമാണ് ബ്രസീൽ. 475000ൽ അധികം ആൾക്കാർ ബ്രസീലിൽ ഇതിനകം കൊറോണ ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്.

ഈ ഞായറാഴ്ച ആണ് കോപ അമേരിക്ക ആരംഭിക്കേണ്ടത്. ബ്രസീലിലേക്ക് കോപ അമേരിക്ക മാറ്റിയത് മുതൽ വലിയ പ്രതിഷേധങ്ങളാണ് ബ്രസീലിൽ ഉയരുന്നത്. നാളെ കോടതി തീരുമാനത്തോടെ ഈ അനിശ്ചിതാവസ്ഥയ്ക്ക് അവസാനം ആകും എന്ന് പ്രതീക്ഷിക്കാം.