ഇന്റർ മിലാൻ ആരാധകരെ ഞെട്ടിക്കുന്ന തീരുമാനമാണ് വന്നിരിക്കുന്നത്. അവർക്ക് കിരീടം നേടിക്കൊടുത്ത അന്റോണിയോ കോണ്ടെ ക്ലബിന്റെ പരിശീലക ചുമതല ഒഴിഞ്ഞിരിക്കുകയാണ്. ക്ലബ് മാനേജ്മെന്റുമായി ഉടക്കിയ കോണ്ടെ താൻ ക്ലബ് വിടുകയാണെന്ന് പ്രഖ്യാപിച്ചു. ഇന്റർ മിലാൻ ക്ലബിന് ഇത് വലിയ തിരിച്ചടി തന്നെയാകും. കോണ്ടെയും മനേജ്മെന്റും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതായി നേരത്തെ തന്നെ ഇറ്റാലിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു.
വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള ഇന്റർ മിലാൻ അവരുടെ താരങ്ങളെ വിൽക്കാൻ ശ്രമിക്കുന്നതാണ് കോണ്ടെയെ പ്രകോപ്പിപ്പിച്ചത്. 80 മില്യൺ എങ്കിലും താരങ്ങളെ വിറ്റ് ഉണ്ടാക്കിയില്ല എങ്കിൽ ക്ലബ് വലിയ നഷ്ടത്തിലേക്ക് പോകും എന്ന് ഇന്റർ മിലാൻ മാനേജ്മെന്റ് പറയുന്നു. എന്നാൽ ഒരു വിജയ ടീമിനെ നശിപ്പിക്കുന്നത് ശരിയല്ല എന്ന കോണ്ടെയുടെ പക്ഷം കേൾക്കാൻ ക്ലബ് തയ്യാറായില്ല. മാനേജ്മെന്റ് ടീമിന്റെ ബാലൻസ് തകർക്കുക ആണെന്നും അതുകൊണ്ട് താൻ ക്ലബ് വിടുകയാണെന്നുമാണ് കോണ്ടെയുടെ നിലപാട്.
പത്തു വർഷത്തിനു ശേഷം ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ പുറത്ത് പോകുന്നത് ഇന്റർ മിലാൻ ആരാധകരെ വിഷമത്തിലാക്കൊയിട്ടുണ്ട്. ഇന്റർ മിലാൻ ആരാധകർ ഇതിനകം തന്നെ ക്ലബ് ഉടമകൾക്ക് എതിരെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.